KeralaNEWS

മൂന്നാറിന്റെ ഇടത്താവളമായി അടിമാലിയിലെ കൊരങ്ങാട്ടി വെള്ളച്ചാട്ടം

ഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ ഇടത്താവളമാണ് അടിമാലി.നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കണ്ട് മുന്നോട്ടു വരുന്ന സഞ്ചാരികൾ, മനം കവരുന്ന കാഴ്ച സമ്മാനിക്കുന്ന അടിമാലി വെള്ളച്ചാട്ടവും കണ്ടാണ് മൂന്നാറിലേക്ക് പോകുന്നത്.

കൊരങ്ങാട്ടി മലമുകളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ വഴി പിരിഞ്ഞും ഒന്നായും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം അടിമാലി ടൗണിൽ നിന്നുള്ള മനം കവരും കാഴ്ചയാണ്.ടൗണിൽ എത്തുന്ന സഞ്ചാരികളിൽ പലരും അടുത്തെത്തി വെള്ളച്ചാട്ടം ആസ്വദിക്കാതെ മടങ്ങാറില്ല.

സാഹസിക യാത്ര ഇഷ്ടപ്പെടുന്ന യുവാക്കളും മറ്റും ഇതുവഴി കൊരങ്ങാട്ടിയിലെത്തി കാഴ്ചകൾ കണ്ടാസ്വദിക്കുന്നതും വർധിച്ചു വരികയാണ്. ഇവിടെനിന്ന് എളുപ്പത്തിൽ മാങ്കുളം, ആനക്കുളം എന്നിവിടങ്ങളിൽ എത്തിച്ചേരാൻ കഴിയും.കാട്ടാനകളെ നേരിൽ കാണാൻ കഴിയുന്ന ആനക്കുളത്തെ കാഴ്ചകൾ കണ്ട് ലക്ഷ്മി വഴി മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഇന്ന് വർധിച്ചു വരികയാണ്.

കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരം ചേർന്നുള്ള അടിമാലി പട്ടണത്തെ മുറിച്ചു കടന്നാണ് വെള്ളച്ചാട്ടം കിലോമീറ്റർ ദൂരത്തുള്ള ദേവിയാർ പുഴയുമായി ചേരുന്നത്.എന്നാൽ കൊരങ്ങാട്ടി വെള്ളച്ചാട്ടവും ഇവിടെ നിന്നുള്ള പരന്ന കാഴ്ച്ചകളും മലകയറിയെത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇനിയും വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടില്ലാത്ത ഒന്നാണ് കുരങ്ങാട്ടി വെള്ളച്ചാട്ടം.
അടിമാലി ടൗണില്‍ നിന്നാല്‍ കൊരങ്ങാട്ടിവെള്ളച്ചാട്ടം ദൃശ്യമാകുമെങ്കിലും രണ്ട് കിലോമീറ്ററിനടുത്ത് കുത്തനെയുള്ള റോഡിലൂടെ സഞ്ചാരിച്ചാല്‍ മാത്രമേ വെള്ളച്ചാട്ടത്തിൻ്റെ മുകളില്‍ നിന്നുള്ള ദൃശ്യമാസ്വദിക്കാനാകൂ. ടൗണില്‍ നിന്നും ഇവിടേക്ക് ജീപ്പ് യാത്രക്ക് സൗകര്യമൊരുക്കിയാല്‍ റോഡ് പരിചിതമല്ലാത്ത സഞ്ചാരികള്‍ക്കും വിദൂരദൃശ്യവും വെള്ളച്ചാട്ടവും കണ്ട് മടങ്ങിയെത്താം. വെള്ളച്ചാട്ടത്തിൻ്റെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച്ചക്കൊപ്പം മധ്യഭാഗത്തിറങ്ങിയാല്‍ ജലപാതത്തിൻ്റെ ചുവട്ടില്‍ നിന്നുള്ള ദൃശ്യവും നയനമനോഹരമാണ്.
 ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടായാല്‍ കൊരങ്ങാട്ടി വെള്ളച്ചാട്ടത്തെയും വ്യൂപോയിൻ്റിനെയും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമായി മാറ്റാന്‍ സാധിക്കും. സുരക്ഷാവേലിയും ഇരിപ്പിടങ്ങളും വെള്ളച്ചാട്ടത്തിലേക്കിറങ്ങുവാനുള്ള കല്‍പ്പടവുകളും തീര്‍ത്താല്‍ സഞ്ചാരികള്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളായി.കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം അപകടരഹിതമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും അവസരമൊരുക്കിയാല്‍ സഞ്ചാരികള്‍ക്ക് കൊരങ്ങാട്ടി വെള്ളച്ചാട്ടം കൂടുതല്‍ ആസ്വാദ്യകരമാകും.

Back to top button
error: