തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്ത് ഒരു വനിതാ കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു തങ്കമണി ദിവാകരന്‍. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍. സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അവര്‍ പ്രതികരിച്ചു.
27 വയസ് മുതല്‍ താന്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു. സ്ത്രീകളെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2011 ല്‍ സംസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തങ്കമണി ദിവാകരന്‍ പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ 33,943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനാണ് അന്ന് ആറ്റിങ്ങലില്‍ നിന്ന് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1.14 ലക്ഷം വോട്ടില്‍ 63,558 വോട്ട് സത്യന് ലഭിച്ചിരുന്നു.
അതേസമയം, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് മാറി നില്‍ക്കുകയാണ് തങ്കമണി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം നേരത്തേ പ്രതികരിച്ചത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖര്‍ എത്തിയ ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.
തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷും ഉദയനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.