കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസംഗത്തിനിടെ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമായി മാറ്റാന്‍ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രസംഗം ചിത്രീകരിച്ച ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ വേദിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായ എളമരം കരീം മാറ്റിനിര്‍ത്തിയിരുന്നു.
സ്റ്റേജിന് പിന്നിലേക്ക് കാമറാമാനെ മാറ്റുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്.