CrimeNEWS

മാധ്യമപ്രവര്‍ത്തകനെയും ദമ്പതികളെയും മര്‍ദിച്ച മന്ത്രിപുത്രനെതിരെ കേസ്; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഭോപ്പാല്‍: വാഹനാപകടത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകനെയും ദമ്പതികളെയും മര്‍ദിച്ച മന്ത്രിയുടെ മകനെതിരെ കേസെടുത്ത നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഭോപ്പാലിലെ ഷാഹ്പുര മേഖലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ സഹമന്ത്രി നരേന്ദ്ര ശിവാജി പട്ടേലിന്റെ മകന്‍ അഭിഗ്യനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി മന്ത്രിയുടെ മകനും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകനെയും റെസ്റ്റോറന്റ് ഉടമകളായ ദമ്പതികളെയും അവരുടെ ജീവനക്കാരെയും മര്‍ദിച്ചതായാണ് പരാതി.

സ്ഥലത്തെത്തിയ പൊലീസ് അഭിഗ്യനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് രാത്രി തന്നെ മന്ത്രിയും പരിവാരങ്ങളും ഷാപുര പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, പൊലീസുകാര്‍ തങ്ങളെ മര്‍ദിച്ചതായി അഭിഗ്യനും സുഹൃത്തുക്കളും ആരോപിച്ചു. തുടര്‍ന്നാണ് നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുന്നതായും മന്ത്രി അറിയിച്ചത്.

Signature-ad

മാധ്യമപ്രവര്‍ത്തകനായ വിവേക് സിങ്ങിന്റെ ബൈക്കില്‍ കാര്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് റെസ്റ്റോറന്റ് ഉടമായായ അലിഷ സക്‌സേന നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ഡ്രൈവറോട് വിവേക് സിങ് കയര്‍ത്തു. ഈ സമയം അഭിഗ്യനും സുഹൃത്തുക്കളും കാറില്‍ നിന്ന് ഇറങ്ങി മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. അടി നടക്കുന്നത് കണ്ട് തടയാന്‍ എത്തിയ അലിഷ സക്‌സേനയെയും അഭിഗ്യന്‍ വടികൊണ്ട് മടിച്ചു. ഇത് കണ്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും അവരുടെ ജീവനക്കാരെയും മന്ത്രിയുടെ മകനും സുഹൃത്തുക്കളും ആക്രമിച്ചതായും പരാതിയിലുണ്ട്.

അതേസമയം, മന്ത്രിയുടെ മകന്റെ പരാതിയില്‍ അലിഷ സക്‌സേനയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ വൈദ്യപരിശോധന നടത്തിയെന്നും സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: