എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ മകളുടെ മുന്നില്‍ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ് നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് സിംന ഷക്കീര്‍ (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം. ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ മകള്‍ക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയില്‍ എത്തിയത്.
പതിനൊന്നാം വാര്‍ഡില്‍ പിതാവിനു ഭക്ഷണം നല്‍കിയ ശേഷം മകള്‍ക്കൊപ്പം പ്രസവ വാര്‍ഡിനു മുന്നില്‍ എത്തിയപ്പോള്‍ പൊടുന്നനെ ഷാഹുല്‍ ഇവര്‍ക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. സിംനയെ പിടിച്ചുനിര്‍ത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുല്‍ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടന്‍ ഷര്‍ട്ടില്‍ ഉള്‍പ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരു കൈകള്‍ക്കും മുറിവേറ്റ ഷാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംനയുടെ ഭര്‍ത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീര്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മൂവാറ്റുപുഴ മാര്‍ക്കറ്റിലെ പെയിന്റ് കടയില്‍ തൊഴിലാളിയായ ഷാഹുല്‍ അലിയും പെരുമറ്റത്തെ കര്‍ട്ടന്‍ കടയില്‍ ജീവനക്കാരിയായ സിംനയും സൗഹൃദത്തിലായിരുന്നു. ഇടയ്ക്ക് ബന്ധത്തില്‍ വിള്ളലുണ്ടായി. ഇതാകാം കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടാഴ്ച മുന്‍പ് സിംന ജോലിചെയ്യുന്ന കടയില്‍ എത്തി ഷാഹുല്‍ ഭീഷണി മുഴക്കിയതിന് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കടയില്‍ ഷാഹുല്‍ എത്തുമ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ല. മറ്റ് ജീവനക്കാര്‍ കൂടി ചേര്‍ന്നാണ് ഇയാളെ പറഞ്ഞുവിട്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കി വിടുകയും ചെയ്തിരുന്നു. ഇയാള്‍ പലവട്ടം ഫോണില്‍ വിളിച്ചിട്ടും കോള്‍ എടുക്കാതിരുന്നതാകാം പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്നാണു പൊലീസിനു ലഭിച്ച വിവരം.
പ്രശ്നങ്ങള്‍ ഭയന്നാണ് പുന്നമറ്റത്തുനിന്ന് മുളവൂരിലെ വാടകവീട്ടിലേക്ക് സിംനയും കുടുംബവും താമസം മാറ്റിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. സിംനയുടെ ഭര്‍ത്താവ്: ഷക്കീര്‍. മക്കള്‍: സാഹിര്‍, സഹാന, സഫ്വാന. ഷാഹുലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.