KeralaNEWS

239 ാം തവണയും തോല്‍ക്കാന്‍ ‘ഇലക്ഷന്‍ കിങ്’ പത്മരാജന്‍; തൃശൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ അത്തരക്കാര്‍ മുതിരാറുമില്ല. എന്നാല്‍, തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ സ്വദേശി ഡോ. കെ പത്മരാജന് തന്റെ 65-ാം വയസ്സിലും തോല്‍വി ഒരു പുത്തരിയല്ല. ഇതുവരെ മത്സരിച്ചത് 238 തെരഞ്ഞെടുപ്പുകളില്‍. എല്ലായിടത്തും തോല്‍വി. എങ്കിലും തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്തിരിയാന്‍ പത്മരാജന്‍ ഒരുക്കമല്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയിലും പത്മരാജന്‍ സാന്നിധ്യമറിയിച്ചു.

കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ‘ഇലക്ഷന്‍ കിങ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെ പദ്മരാജന്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പദ്മരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 28നാണ് പത്മരാജന്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Signature-ad

പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49,000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. കൂടാതെ, സേലത്തെ മേട്ടൂര്‍ താലൂക്കില്‍ 11 ലക്ഷം വിലമതിക്കുന്ന 2000 സ്‌ക്വയര്‍ഫീറ്റില്‍ കൊമേര്‍ഷ്യല്‍ കെട്ടിടവും മൂന്ന് ലക്ഷം വിലവരുന്ന 1311 സ്‌ക്വയര്‍ഫീറ്റില്‍ വീടും സ്വന്തമായുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി സീറ്റിലും പത്മരാജന്‍ മത്സരിക്കുന്നുണ്ട്.

ജനശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ മത്സരിക്കുക എന്നത് പത്മരാജന്റെ ഹോബിയാണ്. ഏറ്റവുമധികം തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചയാള്‍, ഏറ്റവുമധികം തെരഞ്ഞെടുപ്പുകളില്‍ തോറ്റയാള്‍ എന്നിങ്ങനെ ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ പദ്മരാജന് സ്വന്തം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ എ.ബി വാജ്‌പേയ്, നരസിംഹറാവു, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിത, കരുണാനിധി, കേരള മുന്‍ മുഖ്യമന്ത്രി എകെ ആന്റണി, കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എസ്എം കൃഷ്ണ, ബിഎസ് യെഡിയൂരപ്പ, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി എന്നിങ്ങനെ നീളുന്നു പദ്മരാജന്റെ പ്രമുഖ എതിരാളികളുടെ നിര. 1988 മുതലാണ് പത്മരാജന്‍ മത്സരം തുടങ്ങിയത്. ഹോമിയോ ബിരുദധാരിയായ പത്മരാജന്റെ ജീവിതമാര്‍ഗം പഞ്ചറൊട്ടിക്കല്‍ കടയാണ്.

 

Back to top button
error: