KeralaNEWS

കേന്ദ്രത്തിനെതിരായ പോരാട്ടത്തിന് ശൈലജ പാര്‍ലമെന്റിലെത്തണം; വോട്ടഭ്യര്‍ഥിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെ കെ ശൈലജക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ ഹാസന്‍. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പുറത്തുവിട്ട വിഡിയോയിലൂടെയാണ് താരം മുന്‍ ആരോഗ്യമന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ചത്.

ലോകം പകച്ച് നിന്ന കാലത്ത് കരുത്തും നേതൃപാടവവും കാഴ്ച വച്ച നേതാവാണ് കെ കെ ശൈലജയെന്ന് പറഞ്ഞ കമല്‍ ഹാസന്‍, കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര അവഗണന നേരിടുന്നുവെന്നും, ഇതിനെതിരെ പോരാടാന്‍ ശൈലജയെ പോലുള്ളവര്‍ പാര്‍ലമെന്റിലെത്തണമെന്നും പറഞ്ഞു.

വടകരയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന വീഡിയോയില്‍ കമല്‍ ഹാസന്‍ മലയാളത്തിലാണ് സംസാരിക്കുന്നത്.

2018ല്‍ കോഴിക്കോട് നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ കോഴിക്കോട് കാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച കെ കെ ശൈലജ മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. ഇതിലും മികച്ചതായിരുന്നു കൊവിഡ് കാലത്തെ കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍. കൊവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാവാന്‍ കാരണം കെ കെ ശൈലജയാണ്. ലോകാരോഗ്യസംഘടനയും സെന്‍ട്രല്‍ യൂറോപ്യന്‍ ഹെല്‍ത്ത് യൂണിവേഴ്സിറ്റിയും ശൈലജയുടെ പ്രവര്‍ത്തനരീതിയെ അഭിനന്ദിച്ചത് കമല്‍ ഹാസന്‍ പ്രത്യേകം എടുത്തുപറഞ്ഞു.

കെ കെ ശൈലജക്ക് വിജയാശംസകള്‍ നേര്‍ന്നാണ് കമല്‍ ഹാസന്റെ വിഡിയൊ അവസാനിക്കുന്നത്.

Back to top button
error: