LIFELife Style

”വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും”!!! ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി

ലയാള സിനിമയില്‍ കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍വശി. തമിഴ് സിനിമയായ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി.

തമഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നടയിലും അഭിനയിച്ച നടി തെന്നിന്ത്യയില്‍ തന്നെ പേരുകേട്ട നടിയാണ്. 1995ല്‍ കഴകം എന്ന സിനിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നടിയെ തേടിയെത്തിയിരുന്നു.
മമ്മൂട്ടി നായകനായെത്തിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഉര്‍വശി ആദ്യമായി നായികയായി എത്തിയത്. അഞ്ച് തവണയോളം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു തവണ തമിഴ്നാട് സര്‍ക്കാരും മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. അച്ചുവിന്റെ അമ്മ ചിത്രത്തില്‍ മികച്ച സഹ നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

അരവിന്ദന്റെ അതിഥികള്‍, വരനെ ആവശ്യമുണ്ട്, എന്റെ ഉമ്മാന്റെ പേര് തുടങ്ങി ഇന്നും സിനിമയില്‍ സജീവമാണ് ഉര്‍വ്വശി. ഒരുകാലത്ത് മോഹന്‍ലാലും ഉര്‍വശിയും ഹിറ്റ് ജോഡികളായിരുന്നു. മിഥുനം, അഹം, യോദ്ധ, ഭരതം, വിഷ്ണു ലോകം, ലാല്‍ സലാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഉര്‍വ്വശി മോഹന്‍ലാലുമൊത്ത് ലാല്‍ സലാം സെറ്റിലുണ്ടായ അനുഭവവും വിവരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് കിട്ടിയ ക്ഷണങ്ങളില്‍ അടുത്ത കാലത്ത് ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ഹൃദയം നിറഞ്ഞ് വന്ന പരിപാടിയാണിതെന്ന് ഉര്‍വശി പറയുന്നു.

എത്ര നേരത്തെ വന്ന് ഇവിടെ ഈ പരിപാടിയില്‍ കുത്തിയിരിക്കാനും എനിക്ക് ഒരു മടിയുമില്ല. കാരണം ഞാന്‍ എന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അന്നദാതാക്കള്‍ പ്രൊഡക്ഷന്‍ ഹൗസുകളാണ്. പണ്ടൊന്നും സിനിമ സെറ്റുകളില്‍ 90 ശതമാനവും ബ്രേക്ക് ഉണ്ടാവില്ല. വിശന്നിരിക്കേണ്ടി വരും. ലാലേട്ടനെയും ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ് എന്ന് ഉര്‍വശി പറയുന്നു.

ലാല്‍ സലാമിന്റെ ഷൂട്ടിനിടക്ക് ആയിരക്കണക്കിന് ആള്‍ക്കാരുടെ ഇടക്ക് പല ഇമോഷണല്‍ ആയിട്ടുള്ള സീനുകളുമെടുക്കുമ്പോള്‍ ‘ എനിക്ക് വിശക്കുന്നു ലാലേട്ടാ, ഞാന്‍ ഇപ്പോള്‍ തലകറങ്ങി വീഴും,’ എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് കേട്ട് ലാലേട്ടന്‍ പതുക്കെ പ്രൊഡക്ഷനിലെ ആളെ വിളിച്ച് ഒരു പാത്രത്തിനകത്ത് ചോറും പുല്‍ശ്ശേരിയും മാങ്ങാക്കറിയും എല്ലാം കൂടി ഇട്ട് ഇളക്കി ഒരു സ്പൂണ്‍ ഇട്ട് കൊടുക്കാന്‍ പറയും. എന്നിട്ട് വളരെ ശുഷ്‌കാന്തിയോടെ വെയിലത്ത് നിക്കാതെ ഒരു കുട മറച്ച് തരും.

ഇരിക്കാന്‍ പ്രത്യേകിച്ച് കസേരയൊന്നും കാണില്ല. എന്നിട്ട് ഒളിച്ച് നിന്നിട്ട് വേഗം കഴിച്ചു തീര്‍ക്കുകയാണ്. ഞാന്‍ എപ്പോഴും അത് ഓര്‍ക്കും. നാല്‍പ്പത് വര്‍ഷം പ്രൊഡക്ഷന്‍ വിളമ്പി തന്ന ആഹാരം കഴിച്ചു എന്നത് സാധാരണ കാര്യമാണോ? അതുപോലെ ഇവിടുത്തെ സാരഥികള്‍. സിനിമയിലേക്ക് വരുന്ന ആദ്യ പാലം അവരാണ്. വണ്ടിയില്‍ ഇരുന്ന ഉടനെ ഡയറക്ടറുടെ സ്വഭാവം എന്താണ്, ദേഷ്യം ഉള്ളതാണോ പ്രൊഡ്യൂസര്‍ എങ്ങനാ എന്ന കാര്യങ്ങളൊക്കെ നമുക്ക് ഇവര് പറഞ്ഞ് അറിയാന്‍ പറ്റുമെന്നും ഉര്‍വശി പറയുന്നു.

 

Back to top button
error: