KeralaNEWS

മലപ്പുറത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; മുസ്‌ലിം ലീഗിന് തലവേദന

മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുസ്ലിം ലീഗിന് തലവേദനയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യു.ഡി.എഫ് പ്രവര്‍ത്തനം ശ്കതമാക്കേണ്ട സമയത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുകിയത്. ഇതോടെ യു.ഡി.എഫ് കണ്‍വെന്‍ഷനുകള്‍ പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ പലയിടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.

മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഇരു വിഭാഗത്തെയും ഒരുമിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് . ഒരു വിഭാഗത്തെ കൂടെ കൂടെട്ടുമ്പോള്‍ മറുവിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കും. പലയിടങ്ങളിലും യു.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ ഒരു വിഭാഗത്തെ പങ്കെടുപ്പിച്ചാല്‍ മറുവിഭാഗം തടയുമെന്ന് ഭീഷണി മുഴക്കിയതോടെ കണ്‍വെന്‍ഷനുകള്‍ പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഈ പ്രശ്‌നം നിലനില്‍ക്കുന്നതോടെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സഖ്യവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്നാണ് പല പ്രാദേശിക ലീഗ് നേതാക്കളും നേതൃത്വത്തെ അറിയിച്ചത്.

ഇതോടെ ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എങ്കിലും പരിഹരിക്കാനുള്ള തിരക്കിട്ട് പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കന്മാരെ വീട്ടില്‍ ചെന്നുകണ്ടാണ് പ്രശ്‌നത്തിനു പരിഹാരം കാണുന്നത്.

തെരഞ്ഞെടുപ്പാവുമ്പോള്‍ സ്വാഭാവികമായും കുറെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും അത് ഞങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഞങ്ങള്‍ നേതാക്കന്മാരുടെ ഒരു സ്ഥിരം ജോലിയിതാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പല സ്ഥലത്തായിട്ടും ഉണ്ടാകും. അത് അതാത് സ്ഥലത്ത് പോയി പരിഹരിച്ച് പോവുക എന്നുള്ളതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: