പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ കഞ്ചാവ് ചെടി നട്ട സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍. അജയന്റെ നടപടികളില്‍ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാര്‍ അജയനെതിരെ നല്‍കിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതര്‍. അജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് പരാതി റിപ്പോര്‍ട്ട് ചെയ്ത തിയ്യതികളില്‍ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതര്‍ പറയുന്നു. മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.
ആരോപണ വിധേയനായ ജീവനക്കാരന്റെ ഒപ്പ് അജയന്‍ നിര്‍ബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളില്‍ വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. സംഭവത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വിജിലന്‍സ് വിഭാഗം കോട്ടയം ഡി.എഫ്.ഒയ്ക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് വളര്‍ത്തിയെന്ന് കാണിച്ചുള്ള എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്ലാച്ചേരി സ്റ്റേഷനിലെ റെസ്‌ക്യൂവര്‍ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സാം കെ സാമുവല്‍ എന്നിവര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഗ്രോ ബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആറുമാസം മുമ്പാണ് സംഭവം ഉണ്ടായതെന്നും ഈമാസം 16ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്റ്റേഷനിലെ വനിതാ ജീവനക്കാരടക്കം മറ്റു വനപാലകര്‍ക്ക് വിവരം അറിയാമെന്നും റെസ്‌ക്യൂവര്‍ മൊഴി നല്‍കിയതായും പറയുന്നു.
സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ചാനല്‍ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും എ.പി.സി.സി.എഫ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, വാര്‍ത്തവന്നതോടെ സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ജീവനക്കാര്‍ നട്ട കഞ്ചാവ് ചെടികള്‍ നേരത്തെ നീക്കിയിരുന്നുവെങ്കിലും അവയില്‍പ്പെട്ട ഒരു ചെടി മരത്തിന് താഴെ നിന്ന് നാട്ടുകാര്‍ കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.