സാലഡ് കുക്കുംബർ എന്ന സാലഡ് വെള്ളരി കാഴ്ചയ്ക്ക് അതിമനോഹരമാണ്.മുറ്റത്തെ അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരി വളർത്തുന്നവരും പതിവായി വിപണിയിൽ നിന്ന് അത് വാങ്ങിക്കഴിക്കുന്നവരുമുണ്ട്.കാ രണം വളരെയധികം പോഷക സമൃദ്ധമായ ഇതിൽ ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു.
പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും.
സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ കൂടുതൽ കഴിച്ചാലും കുഴപ്പമില്ല. പോഷകാംശം കൂടുതൽ ലഭിക്കാൻ തൊലിയോടുകൂടി കഴിക്കുന്നതാണു നല്ലത്. തൊലി കളയുന്നതോടെ ജലത്തിന്റെ അളവു കുറയുകയും വൈറ്റമിൻ, ധാതുലവണങ്ങൾ പോലുള്ളവ ഒരു പരിധി വരെ നഷ്ടപ്പെടുകയും ചെയ്യുന്നു. തയമിൻ, െെറബോഫ്ലേവിൻ, നിയാസിൻ, വൈറ്റമിൻ ബി–6, എ എന്നിവയും സാലഡ് വെള്ളരിയിൽ അടങ്ങിയിരിക്കുന്നു.
സാലഡ് വെള്ളരി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. പച്ചയായോ അച്ചാറിട്ടോ കഴിക്കാം. കാലറി കുറഞ്ഞ ഒരു ലഘുഭക്ഷണമായും ഇത് ആഹാരത്തിൽ ഉൾപ്പെടുത്താം.
സാലഡ് വെള്ളരിയിലെ കുക്കുർബീറ്റേഷ്യം സ് (A, B, C, D & E) കാൻസർ കോശങ്ങളുടെ വിഭജനവും നിലനിൽപും തടയുന്നതിലൂടെ കാൻസറിനെ അകറ്റിനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദം തടയാൻ സോഡിയത്തിന്റെ അളവു ഭക്ഷണത്തിൽ കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ അളവു കൂട്ടുകയും ചെയ്യുന്നത് ഉത്തമമാണെന്ന് അമേരിക്കൽ ഹാർട്ട് അസോസിയേഷൻ (AHA) പറയുന്നു. തന്നെയുമല്ല, ചൂടുകാലത്ത് സൂര്യതാപത്തെ ശമിപ്പിക്കാൻ സാലഡ് വെള്ളരിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തു ലോകത്തുതന്നെ ഇല്ലെന്ന് പറയാം.
പല്ലുകളെയും മോണകളെയും ശുചിയായി സൂക്ഷിക്കാനും ഇതു സഹായിക്കുന്നു. വൈറ്റമിൻ കെ, പല്ലിലെ കാൽസ്യത്തിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്നു. ഒരു കപ്പ് സാലഡ് കക്കിരിക്കയിൽ 8.5 മൈക്രോഗ്രാം വൈറ്റമിൻ കെ യും കാൽസ്യവും അടങ്ങിട്ടുണ്ട്. ഇവ സംയോജിച്ച് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമം, മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. വെള്ളരിക്കാ നീര് മുഖത്തു പുരട്ടുന്നത് ചർമസൗന്ദര്യത്തിനും നല്ലതാണ്. വെള്ളരി പതിവായി കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു.
സാലഡ് വെള്ളരി കഴിക്കുന്നത് ദഹനം സുഖപ്രദമാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവു കൂട്ടുന്നതുകൊണ്ടു തന്നെ മലബന്ധം പോലുള്ള രോഗാവസ്ഥകൾ തടയാം. സാലഡ് വെള്ളരിയിൽ നാരുകളുടെ അംശവും വളരെ കൂടുതലാണ്. പെക്ടിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രക്രിയയെയും സഹായിക്കുന്നു.