ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല.
കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാർ വിരുതുനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭർത്താവും നടനുമായ ശരത്കുമാർ ബി.ജെ.പിയില്‍ ചേർന്നത് വലിയ വാർത്തയായിരുന്നു.
പുതുച്ചേരിയില്‍ എ. നമശ്ശിവായം ആണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അറുമുഖം നമശ്ശിവായം 2021-ല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.ജെ.പിയില്‍ ചേർന്നത്.