KeralaNEWS

സിപിഎം മുന്‍ എംഎല്‍എ ബിജെപിയിലേക്കെന്ന് സൂചന; രാജേന്ദ്രന്‍ വന്നത് തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് ജാവഡേക്കര്‍

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ രാജേന്ദ്രനെ കണ്ടതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ അനുയയത്തിന് സിപിഎം നേതാക്കളുടെ ശ്രമങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുക്കുകയും സിപിഎമ്മിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം തികച്ചും നാടകീയമായാണ് അദ്ദേഹം ബുധനാഴ്ച ഡല്‍ഹിയിലെത്തിയതും ബിജെപി നേതാക്കളെ കണ്ടതും.

Signature-ad

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരേ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താത്പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.

നേരത്തെ സി.പി.എം പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന് വീട്ടിലെത്തി അംഗത്വ ഫോം നല്‍കിയിരുന്നുവെങ്കിലും പുതുക്കുന്നില്ലെന്നായിരുന്നു രാജേന്ദ്രന്റെ നിലപാട്. പാര്‍ട്ടിയിലേക്ക് തിരികെപോയാല്‍ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രശ്‌നത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, എം.എം മണി എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം രാജേന്ദ്രനുമായി രഹസ്യ കേന്ദ്രത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

അതേസമയം, എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ തങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ച് ബിജെപി നേതാവും, ബിജെപിയുടെ കേരളത്തിലെ സംഘടന ചുതലയുള്ള നേതാവുമായ പ്രകാശ് ജാവഡേക്കര്‍. രാജേന്ദ്രന്‍ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

 

Back to top button
error: