CrimeNEWS

കറതീര്‍ന്ന കൊടുംക്രിമിനല്‍! 20 ാം വയസില്‍ കൊലക്കേസ് പ്രതി, 65കാരിയെ ക്രൂരമായി ബലാത്സംഗംചെയ്തു; ജാമ്യത്തിലിറങ്ങി വീണ്ടും കൊല

കോഴിക്കോട്: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാന്‍. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്.

കൗമാരം പിന്നിട്ടതോടെ കുറ്റകൃത്യങ്ങളില്‍ സജീവമായ ക്രിമിനലാണ് കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാന്‍(48). ഇരുപതാംവയസ്സില്‍ കൊലക്കേസില്‍ പ്രതിയായെങ്കിലും ഈ കേസില്‍ കോടതി ഇയാളെ വെറുതെവിട്ടിരുന്നു. മോഷണം, ബലാത്സംഗം ഉള്‍പ്പെടെ ഇതുവരെ 57 കേസുകളില്‍ മുജീബ്റഹ്‌മാന്‍ പ്രതിയാണെന്നാണ് വിവരം. ഇതില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്.

നാലു വര്‍ഷം മുമ്പ് 65 വയസുകാരിയെ ഓട്ടോയില്‍കയറ്റിക്കൊണ്ടു പോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മുക്കം സ്വദേശികള്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. 2020 ജൂലൈയ് രണ്ടിന് രാവിലെയാണ് കോഴിക്കോട് മുക്കത്ത് 65-കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. രാവിലെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഹോട്ടല്‍ ജീവനക്കാരിയെയാണ് ഓട്ടോയിലെത്തിയ മുജീബ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഇവരുടെ ആഭരണങ്ങള്‍ കൈക്കലാക്കി മുങ്ങി.

സംഭവ ദിവസം രാവിലെ ഹോട്ടല്‍ ജോലിക്കായി പോവുകയായിരുന്ന 65-കാരി മുജീബ് ഓടിച്ച ഓട്ടോയ്ക്ക് കൈകാണിച്ച് ഇതില്‍ കയറി. ഇവര്‍ വാഹനത്തില്‍ കയറിയതിന് പിന്നാലെ ഇവര്‍ ധരിച്ചിരുന്ന മാലയും കമ്മലും മുജീബ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ ഓട്ടോറിക്ഷ തകരാറിലായെന്ന് പറഞ്ഞ് ഇയാള്‍ വാഹനം നിര്‍ത്തി. തിരക്കില്ലെങ്കില്‍ വാഹനം ശരിയാക്കിയശേഷം ഓമശ്ശേരിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോയില്‍നിന്ന് പുറത്തിറങ്ങി. ഈ സമയം ഓട്ടോയുടെ രണ്ടുവശത്തെയും കര്‍ട്ടനുകള്‍ താഴ്ത്തിയിട്ടിരുന്നു. പിന്നാലെ ഓട്ടോയുടെ പിന്‍വശത്ത് എത്തിയ പ്രതി വയോധികയെ ക്രൂരമായി ആക്രമിച്ച് ബോധരഹിതയാക്കി. പിന്നാലെ ഓട്ടോ ഓടിച്ച് ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു. ഇവിടെവച്ച് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ ഒരുപവന്റെ സ്വര്‍ണമാലയും കമ്മലും ഊരിയെടുത്തു. വയോധികയുടെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്സും മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്ന് ഇവരെ റോഡരികിലെ ഓവുചാലില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട വയോധിക മണിക്കൂറുകളോളം റോഡരികിലെ ഓവുചാലില്‍ ബോധരഹിതയായി കിടന്നിരുന്നു. ബോധം വീണ്ടെടുത്തശേഷം ഇവര്‍ തന്നെ ചോരയൊലിക്കുന്നനിലയില്‍ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഓട്ടോ നിര്‍ത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നായിരുന്നു 65-കാരിയുടെ പ്രാഥമിക മൊഴി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ക്രൂരബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്.

താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുക്കത്തെ കേസില്‍ അന്വേഷണം നടത്തിയത്. സമാനരീതിയില്‍ ആക്രമണം നടത്തുന്ന ക്രിമിനലുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതില്‍ പ്രതിയായ മുജീബ് റഹ്‌മാന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ആക്രമണത്തിനിരയായ വയോധിക ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഓമശ്ശേരിയില്‍നിന്ന് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വയോധികയെ ആക്രമിച്ചകേസില്‍ സഹോദരങ്ങളായ യുവതിയെയും യുവാവിനെയും പോലീസ് പിടികൂടിയിരുന്നു. മുജീബ് റഹ്‌മാനുമായി അടുത്ത ബന്ധമുള്ള ഇരുവരെയും കഞ്ചാവ് സഹിതമാണ് പോലീസ് അന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ 60 ദിവസത്തിനുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

മുക്കത്ത് വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയതിന് പുറമേ, മുസ്ലിയാരങ്ങാടിയില്‍ വീടിനുള്ളില്‍ കയറി സ്ത്രീയെ ആക്രമിച്ച് മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. മുസ്ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ചശേഷമാണ് ഇയാള്‍ വീടിനകത്തുകയറി സ്ത്രീയെ ആക്രമിച്ചത്.

അതേസമയം, ഇത്രയധികം കേസുകളില്‍ പ്രതിയായിട്ടും ഇയാള്‍ക്ക് എങ്ങനെ ജാമ്യം ലഭിച്ചതെന്നാണ് പ്രധാനചോദ്യം. ഏതെങ്കിലും കേസുകളില്‍ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പേരാമ്പ്രയില്‍ യുവതിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Back to top button
error: