HealthLIFE

താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും പോയി; അമ്മയുടെ ശരിക്കുമുള്ള രോഗത്തെ കുറിച്ച് മകള്‍ സൗഭാഗ്യ

നിരവധി ആരാധകരുള്ള നര്‍ത്തകിയും നടിയുമാണ് താര കല്യാണ്‍. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭര്‍ത്താവ് രാജാറാം, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭര്‍ത്താവും നടനുമായ അര്‍ജുന്‍ എന്നിവരെല്ലാം സോഷ്യല്‍ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയ്ക്ക് വരെയുണ്ട് ആരാധകര്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായിട്ടാണ് താരയും മകള്‍ സൗഭാഗ്യയും എത്തിയിരിക്കുന്നത്. മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് താര എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ രോഗത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്.

വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയതെന്നാണ് സൗഭാഗ്യ പറയുന്നത്. അതുപോലെ ടെന്‍ഷന്‍ വരുമ്പോഴും ഉറക്കെ വഴക്കിടുമ്പോഴോ ഉറക്കെ സംസാരിക്കുമ്പൊക്കെ ശബ്ദം പൂര്‍ണമായും അടഞ്ഞു പോകാറുണ്ട്. സ്‌ട്രെസ് ഈ രോഗത്തെ നന്നായി കൂട്ടും. പല ചികിത്സകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു. എന്നിട്ടും ശബ്ദത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് കണ്ടെത്തിയിരിക്കുകയാണ് എന്നാണ് സൗഭാഗ്യ വീഡിയോയില്‍ പറയുന്നത്.

സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള സ്‌ട്രെയിന്‍ ആണ് അമ്മയ്‌ക്കെന്നും എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇതിന് കൃത്യമായൊരു മരുന്നുമില്ലെന്നും സൗഭാഗ്യ പറയുന്നു. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി ബോട്ടോക്‌സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മയുടെ മരണം.

ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ഈ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. കൂടാതെ ആ സമയത്തെ സ്‌ട്രെസും രോഗത്തെ തിരിച്ചുകൊണ്ടുവന്നു. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണെന്നും സൗഭാഗ്യ പറയുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു.

മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സൗഭാഗ്യ പറയുന്നു. പക്ഷേ ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും, കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പാട്ടുകാര്‍ക്കും വക്കീലന്മാരും ടീച്ചര്‍മാര്‍ക്കുമൊക്കെ ഈ രോഗം വരാറുണ്ട്. അവര്‍ക്ക് വേറെ രീതിയിലായിരിക്കും ചികിത്സ. കേരളത്തില്‍ നിരവധി പേരില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: