ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇ.ഡിയുടെ ഹര്‍ജിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമന്‍സ് നല്‍കിയിട്ടും തുടര്‍ച്ചയായി കെജ്രിവാള്‍ ഹാജരാകുന്നില്ലെന്നായിരുന്നു ഇ.ഡി.യുടെ പരാതി. ഇതുവരെ ഇ.ഡി.യുടെ എട്ട് സമന്‍സുകളയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല.
ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആര്‍.എസ്. നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. അവരെ രാത്രി എട്ടരയോടെ വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് കെജ്രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.