തമിഴ്നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദമ്ബതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ (26) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് അസീമിനെ ചെങ്കവിളക്ക് സമീപം എള്ളുവിളയില്‍ റോഡരികില്‍ രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്കവിളയിലെ മെഡിക്കല്‍ സ്റ്റോർ ഉടമ 108 ആംബുലൻസ് വിളിച്ച് അസീമിനെ ആശുപത്രിയിലേക്ക് മാറ്റുകയും പൊഴിയൂർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അസീം വെളളിയാഴ്ച രാവിലെ മരിച്ചു.
അസീമിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണമാണ് അപകടമരണമായി മാറുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.അസീമിനെ കണ്ടെത്തിയ സ്ഥലത്ത് അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താൻ സാധിക്കാതിരുന്നത് പോലീസിന് സംശയത്തിന് കാരണമായി. തുടർന്ന് സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്ബതികളായ ഇരുവരും പിടിയിലായത്.
അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയില്‍ അർധബോധാവസ്ഥയില്‍ ഷമീർ, ജനീഫ എന്ന പേരുകള്‍ പറഞ്ഞതായി മെഡിക്കല്‍ സ്റ്റോർ ഉടമയും പോലീസിന് മൊഴി നല്‍കിയിരുന്നു.
അക്കഥയിങ്ങനെ:
ഷമീറിന്റെ ഭാര്യ ജനീഫയും അസീമും തമ്മില്‍ വർഷങ്ങളായി അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഷമീറും ജനീഫയും തമ്മില്‍ പിണങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനീഫ മങ്കുഴിയില്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി അസീം മങ്കുഴിയിലെ വീട്ടില്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഷമീർ വ്യാഴാഴ്ച വൈകീട്ട് ജനീഫയെ ഫോണില്‍ വിളിക്കുകയും താൻ കൊച്ചിയില്‍ പോകുന്നതായി പറയുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ ഷമീർ ജനീഫയുടെ വീട്ടിലെത്തിയപ്പോള്‍ അസീമിനെ കാണുകയും സമീപത്ത് കിടന്ന തടി ഉപയോഗിച്ച് അസീമിനെ അടിക്കുകയും ചെയ്തു. സംഘർഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ്, അബോധാവസ്ഥയിലായ അസീമിനെ ഷമീറും ഭാര്യ ജനീഫയും ചേർന്ന് ഇരുചക്രവാഹനത്തില്‍ ഇരുവർക്കും ഇടയില്‍ ഇരുത്തി ചെങ്കവിളക്ക് സമീപം മുളളുവിളയില്‍ കൊണ്ടുവന്ന് റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു.