KeralaNEWS

പതിനേഴാം ലോക്‌സഭയില്‍ തിളങ്ങിയത് കേരള എംപിമാര്‍ തന്നെ; മുമ്പര്‍ ചാഴിക്കാടനും തരൂരും പ്രേമചന്ദ്രനും

തിരുവനന്തുപുരം: 17 -ാം ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാരില്‍ ഭൂരിഭാഗവും പാര്‍ലമെന്റിലും മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചവരെന്ന് പഠന റിപ്പോര്‍ട്ട്. 15 സെഷനുകളിലായി ആകെ 274 ദിവസം സമ്മേളിച്ച സഭയില്‍ ഹാജര്‍നിലയില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ നിന്നുള്ള മിക്ക എംപിമാരുടെയും ഹാജര്‍. ദേശീയ ശരാശരി 79 ശതമാനമാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്.

ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ എന്‍.കെ പ്രേമചന്ദ്രനും ശശി തരൂരും മുന്നിലെത്തിയപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയുമാണ് മുന്നില്‍. എംപി ഫണ്ട് വിനിയോഗത്തില്‍ ഒന്നാമന്‍ തോമസ് ചാഴികാടനാണ്. ഫണ്ട് 100 ശതമാനവും വിനിയോഗിച്ചതും ചാഴികാടന്‍ മാത്രമാണ്.

Signature-ad

എന്നാല്‍ ഹാജര്‍ നിലയില്‍ കണ്ണൂര്‍ എംപി കെ. സുധാകരനും വയനാട് എംപി രാഹുല്‍ ഗാന്ധിയും നിരാശപ്പെടുത്തിയ പ്രകടനമാണ് കാഴ്ചവച്ചത്. സുധാകരന് 50 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 51 ശതമാനവുമാണ് ഹാജര്‍.

17-ാം ലോക്‌സഭയില്‍ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിരോധന നിയമം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം സംബന്ധിച്ച നിയമം, പുതിയ ക്രിമിനല്‍ കോഡുകള്‍, വനിതാ സംവരണ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങള്‍ ഈ ലോക്‌സഭയിലാണ് പാസാക്കിയത്.

ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആകെ 302 നിയമനിര്‍മാണ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്.

ചര്‍ച്ചകളില്‍ പങ്കെടുത്തതില്‍ മുമ്പില്‍ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ്. കേരളത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധി പക്ഷെ, ഇക്കാര്യത്തിലും പിന്നിലാണ്.

ചോദ്യങ്ങള്‍ ചോദിക്കുന്നതിലും പ്രമേയങ്ങള്‍ കൊണ്ടുവരുന്നതിലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 17-ാം ലോക്‌സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിലും കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങള്‍ ഉന്നയിച്ച കേരളത്തിന് മുമ്പിലുള്ളത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ്.

ചോദ്യങ്ങള്‍ ചോദിച്ചതില്‍ മുമ്പില്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ആണ്. ജനങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശദ്ധക്ഷണിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്.

ഇവയില്‍ പ്രധാനപ്പെട്ടവയാണ് ശൂന്യവേള ചര്‍ച്ച, ചട്ടം 377, ചട്ടം 193 പ്രകാരമുള്ള പ്രമേയങ്ങളും ചര്‍ച്ചകളും. ഇവയിലെല്ലാം കേരള എം.പിമാരുടെ പ്രകടനം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഓരോ വര്‍ഷവും അഞ്ചുകോടിയാണ് പ്രാദേശിക വികസന ഫണ്ടെന്ന നിലയില്‍ ഓരോ എംപിമാര്‍ക്കും കിട്ടുന്നത്. കോവിഡ് മൂലം ആദ്യ രണ്ടുവര്‍ഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു.

അതിനാല്‍ ഈ ലോക്‌സഭയില്‍ 17 കോടി മാത്രമാണ് അംഗങ്ങള്‍ക്ക് കിട്ടിയത്. എന്നാല്‍ ഇത് ചിലവഴിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള ചില എം.പിമാര്‍ നിരാശപ്പെടുത്തുന്നുണ്ട്. അഞ്ച് എംപിമാര്‍ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു.

അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, തോമസ് ചാഴികാടന്‍, ശശി തരൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതില്‍ കൂടുതല്‍ ചെലവഴിച്ചത് തോമസ് ചാഴികാടനാണ്. അദ്ദേഹത്തിന്റെ ഫണ്ടില്‍ പലിശ ഇനത്തില്‍ അടുത്തിടെ അക്കൗണ്ടില്‍ വന്ന രണ്ടു ലക്ഷം രൂപ മാത്രമാണ് മിച്ചമുള്ളത്. ശശി തരൂര്‍-നാലു ലക്ഷമേ ഇനി ചെലവഴിക്കാനുള്ളൂ.

അടൂര്‍ പ്രകാശ്-11 ലക്ഷം, രാജ്മോഹന്‍ ഉണ്ണിത്താന്‍-28 ലക്ഷം, കെ.മുരളീധരന്‍-75 ലക്ഷം, എ.എം.ആരിഫ്-76 ലക്ഷം, ആന്റോ ആന്റണി-85 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടില്‍ കുറച്ചുമാത്രം ബാക്കിയുള്ള എം.പിമാര്‍.

ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എം.പിമാരില്‍ കൊടിക്കുന്നില്‍ സുരേഷാണ് മുന്നില്‍-6.24 കോടി. രാഹുല്‍ ഗാന്ധിയുടെ ഫണ്ടില്‍ 1.25 കോടി രൂപയുണ്ട്.

കെ.സുധാകരന്‍-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീര്‍-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എന്‍.കെ പ്രേമചന്ദ്രന്‍-2.41 കോടി, ടി.എന്‍ പ്രതാപന്‍-2.04 കോടി, ഹൈബി ഈഡന്‍ 1.80 കോടി, എം.പി.അബ്ദുള്‍സമദ് സമദാനി-1.55 കോടി, എം.കെ.രാഘവന്‍-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാന്‍ ബാക്കിയുള്ള തുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: