ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റുപാര്‍ട്ടികളില്‍നിന്ന് വേറിട്ട തന്ത്രം പരീക്ഷിക്കാന്‍ ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ 21% സിറ്റിങ് എംപിമാരും പുറത്ത്. വിജയം ഉറപ്പിക്കുന്നതിനു വേണ്ടി സിറ്റിങ് എംപിമാരെ തന്നെ അതതു മണ്ഡലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ വീണ്ടും മത്സരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് സിറ്റിങ് എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി തയാറാകുന്നത്. ജനമനസ്സില്‍ ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധതയെ നേരിടാനാണു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വ്യത്യസ്ത തന്ത്രം പയറ്റുന്നതെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തതിനാലാണു സിറ്റിങ് മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കുന്നത്. മാര്‍ച്ച് രണ്ടിന് പുറത്തുവന്ന 195 പേരുടെ ആദ്യ പട്ടികയില്‍ പ്രഗ്യ താക്കൂര്‍, രമേശ് ബിധുരി, പര്‍വേഷ് വര്‍മ ഉള്‍പ്പെടെ 33 പേര്‍ക്കാണ് പകരക്കാര്‍ വന്നത്. എന്നാല്‍, ബുധനാഴ്ച പുറത്തുവന്ന 72 പേരുടെ പട്ടികയില്‍ 30 പേരാണു പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ ഗൗതം ഗംഭീര്‍ ഉള്‍പ്പടെ രണ്ടുഎംപിമാര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു.
ഡല്‍ഹിയിലെ ആറ് സിറ്റിങ് എംപിമാരെയും ബിജെപി മാറ്റിയിട്ടുണ്ട്. മനോജ് തിവാരി മാത്രമാണ് വീണ്ടും മത്സരരംഗത്തുള്ളത്. മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പടെ മിക്ക സിറ്റിങ് എംപിമാര്‍ക്കും വീണ്ടും ലോക്‌സഭയിലേക്ക് ടിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. അഞ്ചുപേര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കാത്തത്. പ്രീതം മുണ്ഡെയ്ക്കു പകരം ബീഡില്‍നിന്ന് ഇത്തവണ ബിജെപിയെ പ്രതിനിധീകരിക്കുന്നത് പങ്കജ മുണ്ഡെയാണ്. ഗുജറാത്തിലെ ഏഴ് സിറ്റിങ് എംപിമാരില്‍ മൂന്നുപേര്‍ക്കു മാത്രമാണ് വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്. ഒഴിവാക്കപ്പെട്ടവരില്‍ കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷും ഉള്‍പ്പെടും.