ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പാര്‍ട്ടി ഭാരവാഹികളുടെയും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെയും കേന്ദ്രമന്ത്രി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലായിരുന്നു ലയന സമ്മേളനം. സമത്വ മക്കള്‍ പാര്‍ട്ടിയുടെ വരവോടെ ബിജെപിയുടെ കുടുംബം കൂടുതല്‍ വിപുലമായെന്ന് അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റില്‍ എത്തിക്കുകയെന്നു ലക്ഷ്യമിട്ടാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ലയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന് ശരത് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഐക്യം പരിപോഷിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും മോദി വീണ്ടും പ്രധാനമന്ത്രിയാകണം. ലഹരിമരുന്ന് വിപത്ത് അവസാനിപ്പിക്കാനും യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനും മോദിക്ക് കഴിയും. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണെന്നും ശരത് കുമാര്‍ പറഞ്ഞു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കഴിയണമെന്നു ശരത്കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. നേരത്തേ ഡിഎംകെ പ്രതിനിധിയായി രാജ്യസഭയില്‍ എത്തിയ ശരത്കുമാര്‍ പാര്‍ട്ടി വിട്ട് അണ്ണാഡിഎംകെയില്‍ ചേര്‍ന്നിരുന്നു. 2007ലാണ് എഐഎഡിഎംകെ വിട്ട് സമത്വ മക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്.