ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. “ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും” പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം.
അതാണ് മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി.
ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്.
കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും?
തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ?
തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല; നാൻ കണ്ടിട്ടില്ല; പിന്നെ ഇല്ല എന്ന് പറഞ്ഞു നടന്നാൽ ആർക്കും ഒരു ഗുണവും ഇല്ല; ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ കുറച്ചു പേരെങ്കിലും പേടിച്ചു മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ നടക്കും; പിന്നെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു ജോലിയും ആയി.
“ഈ (ആറന്മുള) പൊന്നമ്മയും ഞാനും ഒരുമിച്ചു പഠിച്ചതാണ്. നാലാം ക്ലാസിൽ ആയപ്പഴേ അവൾക്കു കല്യാണമായി. ഞാൻ അതുകഴിഞ്ഞും കൊറേ പഠിച്ചു; പക്ഷെ ഇതുവരെ കല്യാണമായില്ല.”
ബി.ഡി.എസ് പാസായ യുവാവിന് ക്ലിനിക്ക് തുടങ്ങണം.
ക്രിസ്ത്യാനിയായതിനാൽ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വെക്കാൻ തീരുമാനിച്ചു.
വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ വാക്യം കിട്ടുന്നില്ല. മാർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനോട് കാര്യം പറഞ്ഞു. ഒഴിവാക്കാനായി ബിഷപ്പ് ഒരുപായം പ്രയോഗിച്ചു.
‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണൂ… അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’
ദന്തഡോക്ടറോട് തിരുമേനി പറഞ്ഞു:
‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ… എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ലെ പത്താം വാക്യം വായിച്ചു നോക്കുക.’…
അതിപ്രകാരമായിരുന്നു.
“നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.”
പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു.
“പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടന്ന് മിക്സ് ചെയ്തു കൊള്ളാം.”
യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം.
ഏതു ചോദ്യവും ചോദിക്കാം.
ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു:
“ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?”
തിരുമേനി: “ഇയാൾ വിവാഹം കഴിച്ചതാണോ?”
യുവാവ്: “അല്ല.”
തിരുമേനി: “എന്നാൽ വല്ലവന്റെയും ഭാര്യയുടെ പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.”
ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്.
“അവന് സ്വർഗത്തിലും നരകത്തിലുമൊന്നും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം.”
ചിരിച്ചു കൊണ്ടുളള മറുപടി:
“അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും.”
മാർത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്തയായിരുന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി 5 മേയ് 2021 (പ്രായം 103) കാലം ചെയ്തു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.