KeralaNEWS

‘ചെവിയില്‍ ഇയർഫോൺ വച്ച്  സംസാരിച്ച് പാളത്തിലൂടെ  നടന്നു:’ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച 2 പേരെയും തിരിച്ചറിഞ്ഞു

    അശ്രദ്ധയും അലസതയും മൂലം റെയിൽ പാളങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം നാൾക്കു നാൾ കൂടി വരുന്നു. ഓടുന്ന ട്രെയിനിൽ ചാടിക്കയറിയും റെയിൽ പാളത്തിലൂടെ അശ്രദ്ധമായി നടന്നും അപകടകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു പലരും.

ഒരു മാസം മുമ്പാണ്  കാസർകോട് പള്ളം റെയിൽവെ ട്രാക്കിന് സമീപം 2 യുവാക്കളെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.  കേവലം19 വയസുമാത്രമുള്ള നിഹാൽ, മുഹമ്മദ് സഹീർ എന്നിവരാണ് മരിച്ചത്.

കാസര്‍കോട്ടെ എം.എസ്.എഫ് നേതാവായ ബാസിത് (20) ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ട്രെയിൻ തട്ടി മരിച്ചത് പാളത്തിൽ വീണ മൊബൈല്‍ ഫോൺ കണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ്.

ശനിയാഴ്ച കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ട്രെയിന്‍ തട്ടി മരിച്ച പശ്ചിമ ബംഗാള്‍ നാഥിയ നാസീര്‍പൂര്‍ സ്വദേശികളായ സന്തുമാലിക് (32), ഫാറൂഖ് ശൈഖ് (23) എന്നിവർ ഇയർഫോൺ ചെവിയിൽ വെച്ച് സംസാരിച്ച് പോകുന്നതിടെയാണ് ട്രെയിൻ ഇടിച്ചത്.

നിര്‍മാണ തൊഴിലാളികളായ യുവാക്കൾ ജോലി കഴിഞ്ഞ് സന്ധ്യയോടെ താമസസ്ഥലത്തേക്ക് പാളത്തിലൂടെ നടന്നുപോകുന്നതിനിടെ അതിഞ്ഞാല്‍ എല്‍ പി സ്‌കൂളിന് സമീപമാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗ്ളൂറു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഒരേ സമയം രണ്ട് ഭാഗത്തേക്കും ട്രെയിൻ പോകുന്നതിനിടെയായിരുന്നു അപകടം.

യുവാക്കൾ ഇയർഫോൺ ചെവിയിൽ വെച്ച് സംസാരിച്ച് പോകുന്നതിനാൽ ലോകോ പൈലറ്റ് ഹോൺ അടിച്ചിട്ടും കേട്ടില്ലത്രേ. ഫോണുകൾ മൃതദേഹത്തിന് സമീപം പൊട്ടി ചിതറി കിടക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഹൊസ്ദുർഗ് പൊലീസ് ആണ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

Back to top button
error: