നാഗ്പുർ: മഹാരാഷ്‌ട്രയിലെ നാഗ്പുരില്‍ ബിജെപി സംഘടിപ്പിച്ച സൗജന്യ സഹായവിതരണ ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 65 കാരി കൊല്ലപ്പെട്ടു.നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു.
ബിജെപി നാഗ്പുർ സിറ്റി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മഹാരാഷ്‌ട്ര ബില്‍ഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക‌്ഷൻ വർക്കേഴ്സ് വെല്‍ഫയർ ബോർഡില്‍ രജിസ്റ്റർ ചെയ്ത ജീവനക്കാർക്കായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച സ്ഥലത്തായിരുന്നു അപകടം.
ഇന്നലെ പുലർച്ചെ അഞ്ചു മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വേദിക്കു സമീപം കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ അകത്തേക്ക് കയറിയതാണ് അപകടകാരണം. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 65കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.