കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ മുഖാമുഖം വരുന്നതു കേരളചരിത്രത്തില്‍ ആദ്യം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മട്ടന്നൂര്‍ എംഎല്‍എയായ കെ.കെ.ശൈലജ വിജയിച്ചാലും യുഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പ്.
ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ശൈലജ നേടിയപ്പോള്‍ ഏറ്റവും ‘ത്രില്ലിങ്’ പോരാട്ടത്തിനൊടുവിലാണു ഷാഫി വിജയം തൊട്ടത്. പാര്‍ട്ടിക്കപ്പുറത്തേക്ക് ഇമേജുള്ളവരാണു രണ്ടുപേരും. രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നതാണു ശൈലജയുടെ സ്വീകാര്യതയെങ്കില്‍ സമരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയെന്ന പ്രതിഛായയാണ് ഷാഫിക്കുള്ളത്.
വടകരയില്‍ ശൈലജ വിജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുമെന്നത് എല്‍ഡിഎഫിനെ ആകുലപ്പെടുത്തുന്നില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ 3,859 വോട്ടിനാണു ഷാഫി ജയിച്ചു കയറിയത്. 3 വട്ടം തുടര്‍ച്ചയായി എംഎല്‍എ ആയ ഷാഫിയെപ്പോലെ സ്വാധീനമുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തി വിജയിപ്പിക്കുക എന്നതാണു യുഡിഎഫിനു മുന്നിലുള്ള വെല്ലുവിളി.