ലക്ഷ്യം മനസ്സിലുറപ്പിച്ച് പുറപ്പെട്ടാൽ എല്ലാ പ്രതിബന്ധങ്ങളും കടന്ന് കൃത്യസ്ഥലത്ത് എത്താം
വെളിച്ചം
കടുവ അഞ്ചാറ് ദിവസമായി ആ മുയലിനെ പിടിക്കാനായി ഓടിക്കുന്നു. പക്ഷേ, ഇത്ര ദിവസമായിട്ടും കടുവയ്ക്ക് മുയലിനെ പിടിക്കാന്‍ സാധിച്ചില്ല. ഒടുവിൽ തോല്‍വി സമ്മതിച്ച് മുയലിന്റെ മാളത്തിനു പുറത്ത് ചെന്നിരുന്ന് കടുവ ചോദിച്ചു:
“എങ്ങിനെയാണ് നിനക്ക് ഇത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കുന്നത്. ആറ് ദിവസമായി നിന്നെ കീഴടക്കാൻ ഞാൻ ശ്രമിക്കുന്നു…. എന്ത് മാന്ത്രിക ശക്തിയായാണ് നിൻ്റെ കാലുകൾക്ക്…?”
മുയല്‍ പറഞ്ഞു:
“ആറല്ല, അറുപത് ദിവസം ഓടിച്ചാലും എന്നെ കിട്ടില്ല.”
കടുവയ്ക്ക് അത്ഭുതമായി:
“നിനക്ക് എങ്ങനെയിത് ഇത്ര ആ്തമവിശ്വാസത്തില്‍ പറയാന്‍ സാധിക്കുന്നു?”
മുയല്‍ ചോദിച്ചു:
“നീ എന്തിനാണ് ഇത്രയും ദിവസം ഓടിയത്…”
“നിന്നെ പിടിക്കാന്‍…”
കടുവ പറഞ്ഞപ്പോൾ മുയല്‍ നിഷേധിച്ചു:
“ഏയ് അല്ല…”
“സത്യമായും നിന്നെ പിടിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഓടിയത്… ” കടുവ ആവര്‍ത്തിച്ചു.
“ഏയ് അത് തെറ്റാണ്…”
മുയല്‍ വാദിച്ചു:
“നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്. ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും. ജീവന് വേണ്ടി ഓടുന്നവന്‍ ഭക്ഷണത്തിന് വേണ്ടി ഓടുന്നവനേക്കാള്‍ വേഗത്തില്‍ ഓടും.”
നമുക്ക് വേഗം കുറയാന്‍ കാരണം ശരീരഘടനയല്ല, വേഗം കുറയാന്‍ കാരണം നമ്മള്‍ ഓടുന്ന സ്ഥലമല്ല, എതിരെ വീശുന്ന കാറ്റല്ല… മറിച്ച് നമ്മുടെ ആവശ്യം, നമ്മുടെ ലക്ഷ്യം, നമ്മുടെ സ്വപ്നം… ഇതെല്ലാം ഗാഢമാണെങ്കില്‍, തീവ്രമാണെങ്കില്‍ ഓടുന്ന ഗ്രൗണ്ടും അടിക്കുന്ന കാറ്റും ഒന്നും പ്രശ്‌നമാകില്ല.
നമ്മുടെ ആവശ്യം എപ്പോൾ അത്യാവശ്യമാകുന്നുവോ അന്ന് പ്രതികൂല ഘടകങ്ങളെല്ലാം തകര്‍ന്നു വീഴുക തന്നെ ചെയ്യും.. ലക്ഷ്യം മനസ്സിലുറപ്പിച്ച് യാത്ര തുടരാനാകട്ടെ.
ലക്ഷ്യപ്രാപ്തിക്കുള്ള കരുത്തും ആത്മവിശ്വാസവും നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ