തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്ന പലരും, മുന്‍പ് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ഉന്നമിട്ടാണ് സുരേന്ദ്രന്റെ പരിഹാസം. പത്മയുടെ ഭര്‍ത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതില്‍ ഭയന്നാണ് അവര്‍ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.
”ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുന്‍പ് ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാന്‍ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാന്‍ പറയുന്നതാണ്.
കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയില്‍ പോയി എന്നൊക്കെ ചിലര്‍ പറയുന്നതുകേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തില്‍ പോയവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മൂന്നു പാര്‍ട്ടികളുടെ പ്രസിഡന്റായിരുന്ന ഒരാള്‍ കേരളത്തില്‍ വേറെയില്ല. ബിജെപിയിലേക്ക് ആരെങ്കിലും വന്നാല്‍ അവര്‍ക്ക് അപ്പോള്‍ കുഴപ്പമുണ്ടാവുകയാണ്. സിപിഎമ്മിലേക്ക് പോയാല്‍ കുഴപ്പമില്ല. അതാണ് കോണ്‍ഗ്രസ് തകരാന്‍ കാരണം.
ബിജെപിയില്‍ പത്മജ ഉള്‍പ്പെടെ എല്ലാവരും ചേരുന്നത് ഉപാധികളില്ലാതെയാണ്. ധാരാളം ആളുകള്‍ നരേന്ദ്ര മോദിയുടെ വികസന അജന്‍ഡയില്‍ ആകൃഷ്ടരായി എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയില്‍ ചേരുകയാണ്. കേരളത്തിലും നിരവധി ആളുകള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേരളത്തിന്റെ ലീഡര്‍ കെ.കരുണാകരന്റെ മകള്‍ തന്നെ അത്തരത്തില്‍ തീരുമാനമെടുക്കുന്നു.
രാജ്യമാസകലം അലയടിക്കുന്ന നരേന്ദ്ര മോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുമെന്നതിന്റെ സൂചനയാണ് ഇതെല്ലാം. ഇതു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്കു വരാനുള്ളവരായതു കൊണ്ടാണ് ഞങ്ങള്‍ പല കാര്യങ്ങളും പറയാത്തത്. ബിജെപിക്കും നരേന്ദ്ര മോദിക്കും കേരളത്തില്‍ വലിയ തോതില്‍ പിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങള്‍” സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.