KeralaNEWS

മുഖ്യമന്ത്രിയുടെ ‘പൂഞ്ഞാര്‍’ പ്രസ്താവനയില്‍ വ്യാപക അമര്‍ഷം; സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ വെട്ടില്‍

കോട്ടയം: പൂഞ്ഞാറില്‍ വൈദികനെ വിദ്യാര്‍ഥികള്‍ വാഹനമിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തില്‍ മുസ്‌ലിം കുട്ടികള്‍ മാത്രമാണ് ഉള്‍പ്പെ?ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൂഞ്ഞാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ അമര്‍ഷം പുകയുകയാണ്.മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ പര്‍വതീകരിക്കാന്‍ തല്‍പ്പര കക്ഷികള്‍ ശ്രമിച്ചു. ഇത്തരക്കാര്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. മുസ്‌ലിം ലീഗ്, വെല്‍ഫര്‍ പാര്‍ട്ടി, ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മര്‍ക്കസുദ്ദഅ്‌വ, കെ.എന്‍.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ചേര്‍ന്നാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗും എസ്.ഡി.പി.ഐയും ഈരാറ്റുപേട്ടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചു. അപക്വമായ നടപടിയെ മുഖ്യമന്ത്രി പര്‍വതീകരിച്ച് വര്‍ഗീയ നിറം നല്‍കുന്നുവെന്ന് സോളിഡാരിറ്റിയൂത്ത് മൂവ്‌മെന്റ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് എസ്.ഐ.ഒ ആരോപിച്ചു. പൂഞ്ഞാര്‍ വിഷയം സി.പി.എമ്മും മന്ത്രി വി.എന്‍. വാസവനും അടക്കം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പാര്‍ട്ടിയെയും സര്‍ക്കാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

Back to top button
error: