കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി ആസ്പത്രിയില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. പ്രതിയുടെ ബന്ധു കുഞ്ചത്തൂര്‍ കണ്വതീര്‍ഥയിലെ അബ്ദുള്‍ റഷീദിനെയാണ് (28) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. മര്‍ദനം കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
സ്റ്റേഷന്‍ജാമ്യം ലഭിച്ച മൊയ്തീനെ ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് അബ്ദുള്‍ റഷീദാണ്. മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഷീദ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു.
കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ് മൊയ്തീന്‍ അറസ്റ്റിലായത്. വീട്ടിലെത്തിയ മൊയ്തീനെ ഛര്‍ദിയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റേഷനില്‍നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിര്‍ത്താനുള്ള ഉപദേശത്തിനിടെ മൊയ്തീന്‍ അസഭ്യം പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായതെന്നുമാണ് അറസ്റ്റിലായ അബ്ദുള്‍ റഷീദ് പോലീസിന് നല്‍കിയ മൊഴി. കേസില്‍ ഏതാനുംപേര്‍ നിരീക്ഷണത്തിലാണെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.