ആലപ്പുഴ: എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന്റെ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. ഇതിനായി സംസ്ഥാന സമിതിയോഗം ചേര്‍ത്തലയില്‍ ചേരും. നാലു സീറ്റുകളിലാണു പാര്‍ട്ടി മത്സരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിക്കുമെന്നുറപ്പായി. ഇവിടെ എസ്.എന്‍.ഡി.പി. യോഗത്തിനുള്ള സംഘടനാശേഷി പ്രയോജനപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ബി.ജെ.പി.ക്കു കൂടി സമ്മതരായ സ്വതന്ത്രരെ ഇറക്കാനാണു നീക്കം.
മാവേലിക്കരയില്‍ കെ.പി.എം.എസിന്റെ മുന്‍നിര നേതാവിനെ മത്സരിപ്പിക്കാനാണു ശ്രമം. കോണ്‍ഗ്രസ് വിട്ട കെ.പി.എം.എസ്. നേതാവിനെയും പരിഗണിക്കുന്നുണ്ട്. ഇടുക്കിയിലും ബി.ജെ.പി.ക്കു കൂടി സമ്മതരായ സ്വതന്ത്രരെയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. നേതാക്കളായ സിനില്‍ മുണ്ടപ്പള്ളി, കെ. പദ്മകുമാര്‍ എന്നിവരെയും ഇവിടെ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച വയനാടിനു പകരം എറണാകുളമോ ചാലക്കുടിയോ ലഭിച്ചേക്കും. ഇതില്‍ തീരുമാനമായശേഷമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. ചാലക്കുടിയാണെങ്കില്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ ചാലക്കുടിയെയാണു പരിഗണിക്കുന്നത്.
എറണാകുളത്ത് വടക്കന്‍ പറവൂരില്‍നിന്നുള്ള ബി.ഡി.ജെ.എസ്. വനിതാവിഭാഗം നേതാവ് ഷീബയ്ക്ക് അവസരം ലഭിച്ചേക്കും. ഡല്‍ഹിയിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച തുടരുകയാണ്.