KeralaNEWS

‘ജീവന്മരണ’ പ്രശ്‌നങ്ങള്‍ ആയുധമാക്കി പ്രതിപക്ഷം; അടിച്ചമര്‍ത്താനുറച്ച് സര്‍ക്കാരും

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ജനകീയ വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷം കളം നിറഞ്ഞ് കളിക്കുന്നു. വന്യജീവി ആക്രമണം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള മുടക്കം വരെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പ്രചാരണരംഗത്ത് എത്തിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

ഒരേ സമയം രണ്ടിടത്തു രണ്ടു ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ തന്നെ സത്യഗ്രഹമിരിക്കുകയാണ്. സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് വയനാട്ടിലും തിരുവനന്തപുരത്തും പോഷകസംഘടനാ അധ്യക്ഷന്മാരുടെ സത്യഗ്രഹം നടക്കുന്നു. കാട്ടാനയാക്രമണത്തിലെ ഇരകള്‍ക്കായി എറണാകുളം കോതമംഗലത്ത് ഉപവാസസമരം നടക്കുന്നു. ഇങ്ങനെ സംസ്ഥാനത്തിന്റെ 3 മേഖലകളെയും സമരംകൊണ്ടു പ്രതിപക്ഷം കൂട്ടിമുട്ടിക്കുന്നു.

Signature-ad

2019 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫെബ്രുവരി 17നു സംഭവിച്ച പെരിയ ഇരട്ടക്കൊലപാതകം സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 18നു സംഭവിച്ച സിദ്ധാര്‍ഥന്റെ മരണവും സിപിഎമ്മിനെ എത്തിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിലാകട്ടെ 2 ദിവസത്തിനിടെയുണ്ടായത് 3 മരണമാണ്.

ഇതിനിടെയാണ് ശമ്പള മുടക്കം സംസ്ഥാന വ്യാപകമായി ജീവനക്കാരിലാകെ സൃഷ്ടിച്ച രോഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസമായി. രാഷ്ട്രീയം നോക്കാതെ ജനം സമരരംഗത്തിറങ്ങുന്ന സാഹചര്യത്തെ അനുകൂലമാക്കുകയെന്ന തന്ത്രമാണു പ്രതിപക്ഷം പയറ്റുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട വിവാദവും മറ്റും ഒരു വശത്തു നില്‍ക്കുമ്പോഴും, ജനകീയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന്യം പ്രതിപക്ഷം തിരിച്ചറിയുന്നു.

സര്‍ക്കാരിനെതിരെ ജനരോഷമുയരുക സ്വാഭാവികമാണ്. എന്നാല്‍, പ്രതിഷേധങ്ങളെ നേരിടുന്ന രീതിയാണു കൂടുതല്‍ രോഷം ക്ഷണിച്ചുവരുത്തുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പില്‍ നില്‍ക്കുമ്പോഴും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടില്‍ മാറ്റമില്ലെന്നാണു കോതമംഗലത്തെ പൊലീസ് നടപടി നല്‍കുന്ന സന്ദേശം.

Back to top button
error: