കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഒഴികെ ബാക്കിയെല്ലാ പ്രതികളെയും വെറുതെ വിട്ടു. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. 1999 ഓഗസ്റ്റ് 25 തിരുവോണദിവസത്തിലാണ് ജയരാജനു നേരെ ആക്രമണമുണ്ടായത്.
കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.
കേസില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹക് അടക്കം ആറ് പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചിരുന്നു. പത്തുവര്‍ഷത്തെ കഠിനതടവും പിഴയുമായിരുന്നു ശിക്ഷ. മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ നല്‍കിയ അപ്പീലും മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 9 പ്രതികളില്‍ എട്ടുപേരും കുറ്റക്കാരല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണക്കോടതി കണ്ടെത്തിയ എല്ലാകാര്യങ്ങളും രണ്ടാം പ്രതി പ്രശാന്തിനെതിരെ ഹൈക്കോടതിയില്‍ തെളിയിക്കാന്‍ ആയില്ല.