IndiaNEWS

ഹൈക്കോടതിയെ സമീപിച്ച് ഹിമാചല്‍ എംഎല്‍എമാര്‍; സിങ്വിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തെന്ന് ഡി.കെ.

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്താണ് ഇവര്‍ ഹിമാചല്‍ ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നിവരെയാണ് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനി അയോഗ്യരാക്കിയത്.

നിയമസഭയില്‍ ധനകാര്യ ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഇവരെ അയോഗ്യരാക്കണമെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെ സഭയുടെ അംഗബലം 68ല്‍ നിന്ന് 62 ആയി ചുരുങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40ല്‍ നിന്ന് 34 ആയും കുറഞ്ഞു.

Signature-ad

കോണ്‍ഗ്രസിനു ഉറച്ചപിന്തുണയുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കൂറുമാറിയതു കാരണം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടിരുന്നു. 3 സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 3434 എന്നതായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ ജയിക്കുകയും ചെയ്തു. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നു വാദിച്ച് ബിജെപി സംഘം ഇന്നലെ ഗവര്‍ണറെ കണ്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടര്‍ച്ചയായി അവിശ്വാസപ്രമേയ നോട്ടിസുമായെത്തിയ പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തശേഷം സര്‍ക്കാര്‍ ബജറ്റ് പാസാക്കി. സഭയില്‍ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്‌പെന്‍ഷന്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ ഷിംലയിലേക്ക് അയച്ചാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ഏറ്റെടുത്തതായി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രിയുമായും പാര്‍ട്ടി എംഎല്‍എമാരുമായും പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങുമായും സംസാരിച്ചെന്നും എല്ലാ ഭിന്നതകളും പരിഹരിച്ചതായും ശിവകുമാര്‍ പറഞ്ഞു. എല്ലാ ആഭ്യന്തര കാര്യങ്ങളും പരിഹരിക്കാന്‍ ഏകോപന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പരസ്യപ്രതികരണം പാടില്ലെന്ന് നിര്‍ദേശം നല്‍കിയതായും ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരടങ്ങുന്ന ഏകോപന സമിതിയാണ് രൂപീകരിച്ചത്.

 

Back to top button
error: