ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന മുസ്‍ലിം ലീഗിൻ്റെ വിലപേശൽ ചീറ്റി പോയി. പകരമായി രാജ്യസഭാ സീറ്റ് ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിനു നൽകുന്നതിനു പകരമായി, പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് ഭരണത്തിൽ എത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ടു സീറ്റ് മുസ്‍ലിം ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് ഉറപ്പു വരുത്തും. മുസ്ലിം ലീഗ് നേതാക്കൾ ലോക്സഭയിലേക്ക് മൂന്നാം സീറ്റിനായി ശക്തമായി വാദിച്ചിരുന്നു. കൊടുക്കണമെന്ന് കോൺഗ്രസിന് ആഗ്രമുണ്ടായിരുന്നു, പക്ഷേ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്. സാധാരണ പ്രതിപക്ഷത്തുള്ളപ്പോൾ ലീഗിന് ഒരു രാജ്യസഭാ സീറ്റാണ് ഉണ്ടാകാറുള്ളത്. എന്നാൽ, രണ്ടു വർഷം മുൻപ് തന്നെ രണ്ടു രാജ്യസഭാ സീറ്റ് ലീഗിന് ലഭിച്ചു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിലേക്ക് ഇന്ന് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ വൈകിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 5 ദിവസം മുൻപാണ് എല്‍ഡിഎഫ് സ്ഥാനാർഥി ചർച്ച പൂർത്തിയാക്കിയത്. ആദ്യം കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. ഇവിടുത്തെ ചർച്ചകൾ കമ്മിറ്റിയെ അറിയിക്കും. പിന്നീട് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കൊലയിൽ ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികൂടണം. നിയമപോരാട്ടം തുടരുമെന്നും സുധാകരൻ അറിയിച്ചു. കേസിലെ പ്രതികൾക്ക് പരോൾ ലഭിക്കുന്നത് സർക്കാർ സഹായത്തോടെയാണ് എന്ന് കോടതിക്ക് മനസിലായി. പ്രതികളുടെ വാലാട്ടി നിൽക്കുന്ന ഉദ്യോഗസ്ഥരാണ് ജയിലുകളിലുള്ളത്. പാർട്ടി ഭരിക്കുമ്പോൾ പ്രതികൾക്ക് സുഖജീവിതം ലഭിക്കുമെന്ന് കണ്ടതിനാലാണ് കോടതി ശിക്ഷ വർധിപ്പിച്ചതും പരോൾ ഒഴിവാക്കണമെന്ന് നിർദേശിച്ചതും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകുമെന്നും കെ.സുധാകരൻ പറഞ്ഞു.