IndiaNEWS

ഹിമാചല്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി; ഉപമുഖ്യമന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കിടയിലാണ് രാജി.

അതേസമയം, ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. രാജ്യസഭയിലേക്കുള്ള നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് കാരണമായി ചൂണ്ടികാട്ടുന്നത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി ഗവര്‍ണറെ ധരിപ്പിക്കും. 40 എംഎല്‍എമാര്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്‌വി വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. 25 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയാണ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും 3 സ്വതന്ത്രരുടെയും പിന്തുണയോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പിടിച്ചു കെട്ടിയത്.

Signature-ad

ബജറ്റ് ശബ്ദവോട്ടിലൂടെ പാസാക്കാന്‍ അനുവദിക്കരുത് എന്നാണ് ബിജെപിയുടെ ആവശ്യം. രാജ്യസഭയിലെ വോട്ട് എണ്ണം 34-34 എന്നനിലയില്‍ എത്തിയപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടമാണെന്ന് വ്യക്തമായി. സുഖു സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ സമയം തേടി. ബജറ്റ് പാസാക്കുന്നതിനായി വോട്ടിങ്ങ് നടത്തിയാല്‍ ഭൂരിപക്ഷം ഇല്ലെന്നത് വ്യക്തമാകും എന്നാണ് ബിജെപിയുടെ വാദം.

മുന്‍ മന്ത്രികൂടിയായ മുന്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി സ്ഥാനാര്‍ഥി ആക്കിയപ്പോഴും തന്ത്രപരമായി പിന്തുണ തേടുന്നതും തിരിച്ചറിയാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിന്റെ സംഘടനാ വീഴചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പോലും സംഘടന സംവിധാനം രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് ഈ തിരിച്ചടിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്ത്യ മുന്നണിയിലെ സീറ്റ് ചര്‍ച്ചയില്‍ പോലും കോണ്‍ഗ്രസിന്റെ ഹിമാചലിലെ പിടിപ്പുകേട് നിഴലിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: