KeralaNEWS

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തു നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ശശി തരൂരിനെതിരെ തിരുവനന്തപുരത്തോ യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നോ അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.

ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അന്തിമതീരുമാനം വന്നാല്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് വിവരം. രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയും മൂന്നു തവണ എംപിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി എന്നിവയില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിജെപിയിലെത്തിയത്.അദ്ദേഹത്തിന്റെ സ്വദേശമാണ് ബുലന്ദ്ശഹര്‍.എന്നാൽ തിരുവനന്തപുരത്തു നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.

Signature-ad

73കാരനായ ആരിഫ് ഖാന്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറിനാണ് നറുക്ക് വീണത്. കേരളത്തിന്റെ 22-ാം ഗവര്‍ണറായി 2019സെപ്തംബര്‍ ആറിനാണ് ഖാന്‍ ചുമതലയേറ്റത്. കേരള നിയമസഭ പാസാക്കുന്ന സുപ്രധാന ബില്ലുകളെല്ലാം പിടിച്ചു വയ്ക്കുന്ന ഖാന്റെ നടപടിയും യുണിവേഴ്‌സിറ്റികളുമായി ഉണ്ടായ നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും സുപ്രിം കോടതി വരെ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജിക്കൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

ഗവർണറുമായി ബിജെപി നേതൃത്വം ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ഇന്ന് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Back to top button
error: