KeralaNEWS

കാട്ടാന ആക്രമണത്തെക്കാള്‍ ഭയാനകം ബിജെപി കാടത്തമെന്ന്; കര്‍ണാടകയുടെ സഹായം നിരസിച്ച് അജീഷിന്റെ കുടുംബം

വയനാട്: കര്‍ണാടക തുരത്തിയ മോഴയാനയായ ബേലൂര്‍ മഗ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്നു വെച്ചത്. നഷ്ടപരിഹാരം നല്‍കിയത് ബിജെപി കര്‍ണാടകയില്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു.

ഈ മാസം പത്താം തീയതിയായിരുന്നു അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം രാഹുല്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.

Signature-ad

15 ലക്ഷം രൂപ നല്‍കുമെന്നാണ് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര പ്രഖ്യാപിച്ചത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് നല്‍കുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നല്‍കുന്നത്. അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വര്‍ ഖന്ദ്ര പറഞ്ഞിരുന്നു.

എന്നാല്‍, കേരളത്തിലേക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ കര്‍ണാടകയിലെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഈ പണം തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍ കുടുംബം എത്തിയത്. രാഹുല്‍ ഗാന്ധിയോടും കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും വിവാദമുണ്ടായ സാഹചര്യത്തിലാണ് പണം നിരസിക്കുന്നതെന്നും കുടുംബം അറിയിച്ചു. അതേസമയം, അജീഷിനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്.

 

Back to top button
error: