MovieNEWS

90 കോടിയുടെ രജനിപ്പടം പൊട്ടി പാളീസായി; മലയാളം വാരിയത് 150 കോടിയിലേറെ, ഞെട്ടി തമിഴ് സിനിമ.!

ചെന്നൈ: കഴിഞ്ഞ വര്‍ഷം മികച്ച ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു തമിഴ് സിനിമ. എന്നാല്‍ 2024 തുടങ്ങി രണ്ട് മാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് നിന്നും ഇതുവരെ വന്നില്ല. തമിഴിലെ മികച്ച ഫെസ്റ്റിവല്‍ സീസണായ പൊങ്കലിന് ഇറങ്ങിയ ശിവകാര്‍ത്തികേയന്റെ ‘അയല’നും ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലറും’ വലിയ ഹിറ്റ് ആയില്ല.

പിന്നീട് പ്രധാന അവധി വാരം വന്ന റിപ്പബ്ലിക് ദിനത്തില്‍ ആര്‍ജെ ബാലജിയുടെ സിംഗപ്പൂര്‍ സലൂണ്‍, പാ രഞ്ജിത്ത് നിര്‍മ്മിച്ച ബ്ലൂ സ്റ്റാര്‍ എന്നിവയാണ് എത്തിയത്. ഇതില്‍ ബ്ലൂസ്റ്റാര്‍ പോസറ്റീവ് ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ വലിയ നമ്പര്‍ ഉണ്ടാക്കിയില്ല. അതേസമയം സിംഗപ്പൂര്‍ സലൂണും വലിയ വിജയമൊന്നും നേടിയില്ല.

Signature-ad

പിന്നീട് ഫെബ്രുവരിയിലേക്ക് വന്നപ്പോള്‍ എത്തിയ പ്രധാന ചിത്രം രജനികാന്ത് അഭിനയിച്ച ‘ലാല്‍ സലാം’ ആയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി മാറുകയായിരുന്നു. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം പോലും നേടാതെയാണ് ബോക്‌സോഫീസ് വിട്ടത്.

പിന്നാലെ തമിഴില്‍ നിന്നും സോളോ റിലീസായി എത്തിയത് സൈറണ്‍ ആയിരുന്നു. ആന്റണി ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സൈറണ്‍ ആണ് ഫെബ്രുവരിയില്‍ തമിഴ്‌നാട്ടില്‍ കളക്ഷനില്‍ ഒന്നാമത് എന്ന് പറയാം. എന്നാല്‍, ഒരാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് ചിത്രത്തിന് 9.95 കോടി മാത്രമേ നേടാനായുള്ളൂ. കര്‍ണാടകത്തില്‍ നിന്ന് 45 ലക്ഷവും. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 60 ലക്ഷവുമാണ് നേടിയത്.

ഇന്ത്യയില്‍ നിന്ന് ആകെ 11 കോടി നേടാനേ ചിത്രത്തിന് സാധിച്ചുള്ളൂ. യുകെ, യൂറോപ്പ്, യുഎസ്, ഗള്‍ഫ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലെല്ലാം കൂടി ചിത്രത്തിന് നേടാനായത് 3.25 കോടി മാത്രമാണ്. അതായത് സോളോ റിലീസായിട്ട് പോലും ചിത്രം കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. മൊത്തത്തില്‍ ഫെബ്രുവരി അവസാനിക്കാനിരിക്കുമ്പോള്‍ ഈ മാസം തമിഴ് സിനിമയ്ക്ക് വലിയ വിജയങ്ങള്‍ ഒന്നും ഇല്ല.

അതേ സമയമാണ് മലയാള സിനിമ നേട്ടം കൊയ്യുന്നത്. ഫെബ്രുവരിയില്‍ ഇറങ്ങിയ ചിത്രങ്ങളുടെ മാത്രം ആഗോള കളക്ഷന്‍ കൂട്ടിയാല്‍ 150 കോടിക്ക് മുകളിലാണ് മലയാള സിനിമയുടെ നേട്ടം. പ്രേമലു, ഭ്രമയുഗം എന്നിവ അടുത്ത അടുത്ത ആഴ്ചകളില്‍ ഇറങ്ങി 50 കോടി ക്ലബ് കടന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ആ വഴിക്ക് മുന്നേറുകയാണ്. അതിനിടയില്‍ ഇറങ്ങിയ ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന ചിത്രവും മികച്ച കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ പറയുന്നത്.

എക്‌സിലും മറ്റും തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ മലയാളത്തിന് ലഭിക്കുന്ന സാമ്പത്തിക വിജയവും, ക്രിട്ടിക്‌സിന്റെ നല്ലവാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. ഒരു വൈറലായ എക്‌സ് പോസ്റ്റില്‍ ‘ഡിയര്‍ മോളിവുഡ് ഒന്ന് പതുക്കെ പോകൂ, ഈ വര്‍ഷം രണ്ട് മാസമേ ആയൂള്ളൂ’ എന്നാണ് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് പോസറ്ററുകള്‍ വച്ച് പറയുന്നത്. എന്തായാലും 2024ല്‍ ഇതുവരെ ഒരു കാര്യമായ ഹിറ്റില്ലാതെ തമിഴകം ഉഴലുമ്പോള്‍ മലയാള സിനിമ തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ്. അത് തമിഴകത്തും ശ്രദ്ധിക്കപ്പെടുകയാണ്.

 

Back to top button
error: