CrimeNEWS

രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിച്ചില്ല, നിരന്തരം അവഗണച്ചു; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് സത്യനാഥന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിക്കാത്തതിലെ വിരോധമാണെന്നു മൊഴി. സഹായിക്കുന്നതിനു പകരം നിരന്തരം അവഗണിച്ചുവെന്നും കുറ്റപ്പെടുത്തിയെന്നും പ്രതി അഭിലാഷ് അന്വേഷണ സംഘത്തിനു മൊഴിനല്‍കി. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സത്യനാഥനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍നിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈ.എസ്.പിമാരടക്കം 14 പേരാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്.

വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥന്‍ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം സ്ഥലത്ത് വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

 

Back to top button
error: