IndiaNEWS

‘ഇന്‍ഡ്യ’ മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിയുന്നു; 10 ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ സഖ്യത്തിലെ സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാകുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം.

ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമാണ് ഇന്‍ഡ്യ മുന്നണി പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മൂന്നിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണു പാര്‍ട്ടികള്‍ക്കിടയിലെ ധാരണ. യുപി, ഡല്‍ഹി, ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സഖ്യം. യുപിയില്‍ 63 സീറ്റില്‍ സമാജ് വാദി യും 17 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കാനാണ് തീരുമാനം.

Signature-ad

ഡല്‍ഹിയിലെ ഏഴു സീറ്റില്‍, ആം ആദ്മി 4 ഇടത്തും കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയില്‍ ഒന്നും ഗുജറാത്തില്‍ 2 ഉം സീറ്റുകള്‍ കോണ്‍ഗ്രസ് ആം ആദ്മിക്ക് നല്‍കും. ജെഡിയു, ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ ഏകദേശം ധാരണയായിരുന്ന സീറ്റുകള്‍ വീണ്ടും പുനഃ ക്രമീകരിക്കുകയാണ്. കോണ്‍ഗ്രസിന് ആര്‍ജെഡി കൂടുതല്‍ സീറ്റുകള്‍ നല്‍കും. ജാര്‍ഖണ്ഡില്‍ ആര്‍ജെഡി വലിയ ശക്തി അല്ലെങ്കിലും മുന്നണി മര്യാദ അനുസരിച്ചു ആര്‍ജെഡിയ്ക്ക് ഒരു സീറ്റ് നല്‍കും.

ബാക്കി സീറ്റുകള്‍ ജെഎംഎമ്മും കോണ്‍ഗ്രസും പങ്കിടും. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 39 ഇടത്തും ധാരണയായി. 9 സീറ്റില്‍ തര്‍ക്കം തുടരുന്നു . പുതിയതായി സഖ്യത്തില്‍ എത്തിയ പ്രകാശ് അംബേദ്ക്കറുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് 3 സീറ്റ് ആണ് സഖ്യം ഉറപ്പ് നല്‍കിയിരിക്കുന്നത്.

Back to top button
error: