ന്യൂഡല്‍ഹി: ഐഫോണുകള്‍ക്ക് കമ്പനി നല്‍കിയ സവിശേഷ തിരിച്ചറിയല്‍ നമ്പറിന്റെ സഹായത്തോടെ, മോഷണംപോയ ഐഫോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ ആപ്പിള്‍ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. ആപ്പിളിന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്ന ഒഡിഷ ഉപഭോക്തൃ കമ്മിഷന്റെ നിരീക്ഷണം സുപ്രീം കോടതി റദ്ദാക്കി.
ഐഫോണ്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ ഉപഭോക്തൃ കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ആപ്പിള്‍ ഇന്ത്യ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിഷന്റെ ഉത്തരവ് ആപ്പിള്‍ ചോദ്യം ചെയ്തിരുന്നില്ല. മറിച്ച്, ഫോണ്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ആപ്പിള്‍ ചോദ്യംചെയ്തത്.
ഈ നിരീക്ഷണം നിലനിന്നാല്‍ മോഷ്ടിക്കപ്പെട്ട ഉല്പന്നങ്ങള്‍ കണ്ടെത്തുന്ന നിയമ നിര്‍വഹണ ഏജന്‍സിയായി തങ്ങള്‍ മാറേണ്ടി വരുമെന്ന് കമ്പനി അപ്പീലില്‍ പറയുന്നു. ഐഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് പരാതിക്കാരന് ആപ്പിള്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മോഷ്ടിക്കപ്പെട്ട ഫോണിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. മോഷണവും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ഫോണ്‍ നഷ്ടപ്പെട്ടയാള്‍ പോലീസില്‍ പരാതി നല്‍കുകയും വിവരം ആപ്പിള്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ ആപ്പിള്‍ ഇടപെട്ടില്ലെന്ന് കാണിച്ചാണ് പിന്നീട് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ 40,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ കോടതി വ്യവഹാര തുകയായും പരാതിക്കാരന് നല്‍കാന്‍ ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെ ഒഡീഷ സംസ്ഥാന ഉപഭോക്തൃ കമ്മിഷനില്‍ കമ്പനി അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ നല്‍കിയ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിന്റെ 14ാം ഖണ്ഡികയില്‍ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്ന നിരീക്ഷണം ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനെ (എന്‍സിഡിആര്‍സി) സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. അങ്ങനെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.