ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവല്‍ ഭൂട്ടോയുടെയും ചര്‍ച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോര്‍മുല താന്‍ തള്ളിയതായി പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ബിലാവല്‍ വെളിപ്പെടുത്തി. ചര്‍ച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാന് മുസ്ലിം ലീഗ്നവാസ് (പിഎംഎല്‍എന്‍) നേതൃത്വം അറിയിച്ചത്.
പട്ടാളത്തിന്റെ പിന്തുണയോടെയാണു പിഎംഎല്‍എന്‍ തിരഞ്ഞെടുപ്പു നേരിട്ടതെങ്കിലും ജയിലിലായ മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കക്ഷി പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫാണ് (പിടിഐ) ഏറ്റവുമധികം സീറ്റുകള്‍ നേടിയത് 93. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതോടെ പിടിഐ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. പിഎംഎല്‍എന്നിന് 75 സീറ്റും പിപിപിക്ക് 55 സീറ്റുമാണുള്ളത്.
അതേസമയം, പിടിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു കേന്ദ്രത്തിലും പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും സര്‍ക്കാരുണ്ടാക്കുമെന്ന് പിടിഐ നേതൃത്വം പ്രഖ്യാപിച്ചു. ജയിച്ച സ്വതന്ത്രര്‍ ഏതെങ്കിലും അംഗീകൃത കക്ഷിയില്‍ ചേരണമെന്ന വ്യവസ്ഥ പാലിക്കാനാണിത്.