സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ 4 ജില്ലകളില്‍ താപനില വീണ്ടും ഉയരും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കൂടും. നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഫെബ്രുവരി 18, 19 തിയതികളില്‍ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും പകല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വേനല്‍ കടുത്തതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപട്ടണമായ പുനലൂരും പരിസര പ്രദേശങ്ങളും കടുത്ത ചൂടിലേക്ക്. നഗരത്തില്‍ സൂര്യാഘാതത്തിന് സാധ്യത. നഗര ത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി താരതമ്യേന താഴ്ന്ന പ്രദേശമായ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള താപമാപിനിയില്‍ കഴിഞ്ഞദിവസം 37 ഡിഗ്രി ചൂടു രേഖപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പുനലൂര്‍.
കഴിഞ്ഞവര്‍ഷം പുനലൂരിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകള്‍ക്ക് സൂര്യതാപം ഏറ്റിരുന്നു.
ചൂട് കൂടിയതോടെ മലയോര മേഖലയിലെ കല്ലടയാര്‍ ഉള്‍പ്പടെയുള്ള വിവിധ കുടിവെള്ള സ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ്, പുനലൂര്‍ മുനിസിപ്പാലിറ്റി, കരവാളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
⋆ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
⋆ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
⋆ പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
⋆ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
⋆ നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
⋆ ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
⋆ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
⋆ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
⋆ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
⋆ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.