തൃശ്ശൂര്‍: വ്യാജരേഖ ചമച്ചും ഏലം കയറ്റുമതിക്കാരനാണെന്ന രേഖകള്‍ ഉണ്ടാക്കിയും തൃശ്ശൂര്‍ സ്വദേശിയായ സിനിമാനിര്‍മാതാവ് തട്ടിയത് 30 കോടി. പാട്ടുരായ്ക്കല്‍ സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസി(42)നെയാണ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
പ്രമുഖ ബാങ്കുകളില്നിന്നടക്കമാണ് 30 കോടിയോളം രൂപ വായ്പയായി സംഘടിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന് ബാങ്കിന്റെ വ്യാജരേഖകള്‍ തയ്യാറാക്കി നല്കി 8.40 കോടി രൂപ കൈപ്പറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കിക്കൊടുക്കാതിരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
തട്ടിപ്പിനു കൂട്ടുനിന്ന നാലുപേരെക്കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുപേരുടെയും പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ചമച്ചിരുന്നു. ‘തുറമുഖം’ എന്ന സിനിമ നിര്‍മിക്കാന്‍ വേണ്ടികൂടിയാണ് ജോസ് തോമസ് കോടികളുടെ തട്ടിപ്പ് നടത്തിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.