NEWSWorld

ജയിപ്പിച്ചത് ക്രമക്കേടിലൂടെയെന്ന് കുറ്റസമ്മതം; പാക്കിസ്ഥാനില്‍ വിജയി രാജിവച്ചു!

കറാച്ചി: പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ശക്തമായിരിക്കെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ തോല്‍പിക്കാനായി ക്രമക്കേടിലൂടെ തന്നെ ജയിപ്പിച്ചതായി ആരോപിച്ച് പ്രവിശ്യാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാള്‍ രാജിവച്ചു. കറാച്ചി 129 പ്രവിശ്യാ സീറ്റില്‍ 26,000 വോട്ടിന് ജയിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ ഹാഫിസ് നയീമുര്‍ റഹ്‌മാനാണ് അസംബ്ലി അംഗത്വം ഉപേക്ഷിച്ചത്.

ആരോപണം അധികൃതര്‍ നിഷേധിച്ചെങ്കിലും അവരെ പ്രതിരോധത്തിലാക്കുന്നതാണിത്. പിടിഐ സ്ഥാനാര്‍ഥിക്കു ലഭിച്ച 31,000 വോട്ട് 11,000 ആയി കുറച്ചാണ് തന്നെ വിജയിയായി പ്രഖ്യാപിച്ചതെന്ന് റഹ്‌മാന്‍ പറയുന്നു. ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ അധികൃതര്‍ എല്ലാ കളികളും കളിച്ചതായി ആരോപണമുണ്ട്.

Signature-ad

ഇമ്രാനെയും പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചിഹ്നം പിന്‍വലിക്കുകയും ചെയ്തിട്ടും പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ ദേശീയ അസംബ്ലിയില്‍ 101 സീറ്റുമായി ഒന്നാമതെത്തുകയും ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യാ അസംബ്ലിയില്‍ തനിച്ചു ഭൂരിപക്ഷം നേടുകയും ചെയ്തത് എതിരാളികളെ അമ്പരപ്പിച്ചിരുന്നു. പിടിഐക്ക് അനുകൂലമായ ജനവിധി തട്ടിയെടുത്താണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പിഎംഎല്‍എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി സഖ്യ സര്‍ക്കാരിന് ശ്രമിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

Back to top button
error: