CrimeNEWS

സംവിധായകന്റെ വീട്ടിലെ മോഷണം: ദേശീയപുരസ്‌കാരം തിരിച്ചുനല്‍കി മോഷ്ടാക്കള്‍, ഒപ്പം മാപ്പപേക്ഷയും

ചെന്നൈ: ദേശീയപുരസ്‌കാര ജേതാവായ തമിഴ്‌സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നടന്ന മോഷണമായിരുന്നു തമിഴ്‌സിനിമാലോകത്തെ കഴിഞ്ഞദിവസത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവര്‍ച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കിയിരിക്കുകയാണ് മോഷ്ടാക്കള്‍.

കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയില്‍നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളും മോഷണംപോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കള്‍ കഴിഞ്ഞദിവസം രാത്രി തിരികെ നല്‍കിയത്. പോളിത്തീന്‍ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മോഷ്ടാക്കള്‍ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

ഉസലംപട്ടിയിലാണ് എം മണികണ്ഠന്‍ ജനിച്ചത്. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്. മോഷ്ടാക്കള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

2014-ല്‍ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്‍. 2022-ല്‍ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനംചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. കൃമി, കുട്രമേ ദണ്ഡനൈ, ആണ്ടവന്‍ കട്ടളൈ എന്നിവയാണ് മണികണ്ഠന്‍ സംവിധാനംചെയ്ത മറ്റുചിത്രങ്ങള്‍.

 

 

 

Back to top button
error: