IndiaNEWS

വകുപ്പില്ലാമന്ത്രിയായി എട്ടുമാസം; ഒടുവില്‍ സെന്തില്‍ ബാലാജി രാജിവച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. വൈദ്യുതി,എക്‌സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിനെ 2023 ജൂണ്‍ 14നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇ.ഡി അറസ്റ്റ് ചെയ്തതിനു ശേഷവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സെന്തില്‍ ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി നിലനിര്‍ത്തിയിരുന്നു.

2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷണ്‍മുഖം, എം.കാര്‍ത്തികേയന്‍ എന്നിവരാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Back to top button
error: