KeralaNEWS

ശശീന്ദ്രന്‍ രാജിവെക്കണമെന്ന് അജിത് പവാര്‍ പക്ഷം; ബാധകമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കും. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്‍സിപി അജിത് പവാര്‍ പക്ഷത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറാണ് യഥാര്‍ത്ഥ എന്‍സിപി എന്നു ശശീന്ദ്രന്‍ പറയുന്നെങ്കില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവെക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്‍സിപിക്ക് കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്.

Signature-ad

യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

എന്‍സിപിക്ക് ദേശീയാംഗീകാരം നഷ്ടപ്പെട്ട ശേഷം രണ്ടു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായിട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് മഹാരാഷ്ട്രയിലും, നാഗാലാന്‍ഡിലും മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും മാത്രം ബാധകമായിരിക്കുമെന്നത്, കമ്മീഷന്‍ ഉത്തരവ് ശരിക്ക് മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

 

Back to top button
error: