ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ ഇന്‍ഡ്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദള്‍(ആര്‍.എല്‍.ഡി) സഖ്യം വിട്ട് എന്‍.ഡി.എയ്ക്കൊപ്പം ചേരുന്നു. മുന്‍ പ്രധാനമന്ത്രിയും മുത്തച്ഛനുമായ ചരണ്‍ സിങ്ങിന് കേന്ദ്രം ഭാരത് രത്ന പ്രഖ്യാപിച്ചതിനു നന്ദി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരിയാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ഇന്ത്യന്‍ ഹരിതവിപ്‌ളവത്തിന്‍െ്‌റ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്കൊപ്പം ഇന്നാണ് ചരണ്‍ സിങ്ങിനും ഭാരതരത്‌നം പ്രഖ്യാപിക്കപ്പെട്ടത്.
എന്‍.ഡി.എയ്ക്കൊപ്പം ചേരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ജയന്ത് ചൗധരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ആ ഓഫര്‍ എങ്ങനെയാണ് ഇപ്പോള്‍ നിരസിക്കാനാകുക? ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? മറ്റൊരു പാര്‍ട്ടിക്കും സര്‍ക്കാരിനും ഇതുവരെ ചെയ്യാനാകാത്തത് മോദിജിയുടെ കാഴ്ചപ്പാടിലൂടെ യാഥാര്‍ത്ഥ്യമായി. മുഖ്യധാരയുടെ ഭാഗമല്ലാത്ത ജനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്ന മോദി സര്‍ക്കാരിനു നന്ദി പറയുകയാണ്. മൂന്ന് പുരസ്‌കാരങ്ങളാണു നല്‍കിയത്. ജനങ്ങളുടെ വൈകാരികതയെ സ്പര്‍ശിക്കുന്നതാണ് ഈ തീരുമാനങ്ങള്‍..”-അദ്ദേഹം പ്രതികരിച്ചു.
സീറ്റ് വിഭജനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു പറയേണ്ട ദിവസമല്ല ഇതെന്ന് ജയന്ത് ചൗധരി പ്രതികരിച്ചു. ഇപ്പോള്‍ സീറ്റിനെയും വോട്ടിനെയും കുറിച്ചെല്ലാം സംസാരിക്കുന്നത് ഈ ദിവസത്തിന്റെ വില കുറയ്ക്കുന്ന പരിപാടിയാകും. രാഷ്ട്രത്തിന്റെ അടിസ്ഥാന വികാരവും സ്വഭാവവും മനസിലാക്കുന്നയാളാണ് പ്രധാനമന്ത്രി മോദിയെന്നു വ്യക്തമാക്കുന്നതാണു പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശും രാജസ്ഥാനുമാണ് ആര്‍.എല്‍.ഡിയുടെ സ്വാധീന മേഖലകള്‍. എന്‍.ഡി.എ യു.പിയില്‍ രണ്ട് സീറ്റുകള്‍ പാര്‍ട്ടിക്കു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം രാജ്യസഭാ സീറ്റ് ഓഫറും ലഭിച്ചിട്ടുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 16 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക് പരാജയമേറ്റത്. ഇതില്‍ ഏഴും പടിഞ്ഞാറന്‍ യു.പിയിലായിരുന്നു. മൊറാദാബാദ് മേഖലയിലെ ആറ് സീറ്റിലും തോറ്റു. ആര്‍.എല്‍.ഡിയെ മുന്നണിയിലെത്തിച്ച് ജാട്ട് സമുദായത്തിന്റെ തട്ടകമായ പടിഞ്ഞാറന്‍ യു.പിയില്‍ കൂടി വിജയമുറപ്പിക്കുകയാകും ബി.ജെ.പി ലക്ഷ്യമിടുന്നത്.
മറുവശത്ത് ഇന്‍ഡ്യ സഖ്യത്തില്‍ സീറ്റ് വിഭജനം ഇനിയും കീറാമുട്ടിയായി നില്‍ക്കുകയാണ്. സമാജ്വാദി പാര്‍ട്ടിയും(എസ്.പി) കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയില്‍ തന്നെ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെ, 16 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എസ്.പി. ആര്‍.എല്‍.ഡിക്ക് ഏഴ് സീറ്റ് നല്‍കുമെന്ന് ജനുവരിയില്‍ അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ചര്‍ച്ചയില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഏതൊക്കെ സീറ്റുകളാണ് അനുവദിക്കുക എന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് എന്‍.ഡി.എയിലേക്കുള്ള ആര്‍.എല്‍.ഡിയുടെ ചുവടുമാറ്റം.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ എസ്.പിയും ആര്‍.എല്‍.ഡിയും സഖ്യമായാണു മുന്നോട്ടുപോകുന്നത്. ബി.ജെ.പി തൂത്തുവാരിയ 2019ല്‍ ആര്‍.എല്‍.ഡി മത്സരിച്ച മൂന്ന് സീറ്റിലും പരാജയപ്പെട്ടിരുന്നു. എസ്.പിക്ക് ജയിക്കാനായത് അഞ്ച് സീറ്റിലും. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 347 സീറ്റില്‍ 111 ഇടത്ത് എസ്.പി വിജയിച്ചെങ്കിലും അധികാരം പിടിക്കാനായില്ല. സഖ്യത്തിലുണ്ടായിരുന്ന ആര്‍.എല്‍.ഡി 33 മത്സരിച്ച് ഒന്‍പതിടത്തു മാത്രമാണു ജയിക്കാനായത്.