CrimeNEWS

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് ദോഷമുണ്ടെന്ന് പറഞ്ഞ വാസ്തു വിദഗ്ധന്‍; 65 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിനു വാസ്തു ദോഷമുണ്ടെന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാള്‍ 65 കോടി രൂപയുടെ തട്ടിപ്പു കേസില്‍ അറസ്റ്റില്‍. വാസ്തു വിദഗ്ധനായ ഖുശ്ദീപ് ബന്‍സാല്‍ ആണ് പിടിയിലായത്. അസം പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും അറസ്റ്റില്‍ പങ്കെടുത്തു. ഇരുവരെയും അസമിലേക്കു കൊണ്ടുപോയി.

ഡല്‍ഹി ആസ്ഥാനമായുള്ള സബര്‍വാള്‍ ട്രേഡിങ് കമ്പനി ഉടമ കമല്‍ സബര്‍വാളിന്റെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകനും കേസില്‍ പ്രതിയാണ്. കമല്‍ സബര്‍വാളില്‍നിന്നു 65 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാല്‍ പരാതിക്കാരന് ഒരു വ്യക്തിയെ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഖുശ്ദീപ് ബന്‍സാല്‍ ഡല്‍ഹി പൊലീസിനു മൊഴി നല്‍കി.

Signature-ad

1997 ല്‍ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിന്റെ വാസ്തു ദോഷം മൂലമാണ് സര്‍ക്കാരുകള്‍ വീഴുന്നതെന്ന അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ഖുശ്ദീപ് ബന്‍സാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പാര്‍ലമെന്റിനും ലൈബ്രറി കെട്ടിടത്തിനുമിടയില്‍ ചെമ്പ് കമ്പികള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചാല്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാകാതെ വീഴുന്നത് തടയാമെന്ന നിര്‍ദേശവും ഇയാള്‍ മുന്നോട്ടുവച്ചിരുന്നു. വാസ്തു കണ്‍സല്‍ട്ടന്‍സിക്ക് പുറമേ, വിവിധ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെയും പ്രമുഖ വ്യവസായികളുടെയും ഉപദേശകനുമായിരുന്നു ഖുശ്ദീപ് ബന്‍സാല്‍.

Back to top button
error: