IndiaNEWS

അതിര്‍ത്തി സുരക്ഷ കഴിഞ്ഞേ മറ്റെന്തുമുള്ളൂ; രാജ്യവും ജനങ്ങളും ആദ്യം പ്രാധന്യമര്‍ഹിക്കുന്നു : അമിത് ഷാ

ന്യൂഡൽഹി:അതിർത്തി സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

എല്ലാ രാജ്യങ്ങളുമായും സൗഹൃദ ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാരതത്തിന്റെ അതിർത്തി സുരക്ഷയിലും ജനങ്ങളുടെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അമിത് ഷാ വ്യക്തമാക്കി.’നാളെക്കപ്പുറമുള്ള സുരക്ഷ ‘ എന്ന വിഷയത്തില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

നിലവിൽ രാജ്യത്ത് മൂന്ന് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളേയുള്ളൂ ‘ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശം.10 വർഷത്തെ ഭരണത്തില്‍ മോദി സർക്കാർ ഈ മൂന്ന് സ്ഥലങ്ങളിലും വിജയകരമായിട്ടാണ് പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രീണന നയം മൂലം മുൻ സർക്കാരുകള്‍ നിരവധി ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മുകളിൽ സൂചിപ്പിച്ച രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര പ്രശ്നങ്ങളും മുൻ സർക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമിത് ഷായ്ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു.ലഡാക്കിൽ ഇന്ത്യയുടെ പല പ്രദേശങ്ങളും ഇപ്പോൾ ചൈനയുടെ അധീനതയിലാണെന്നും സൈന്യമല്ല,ആട്ടിടയൻമാരാണ് ചൈനയുമായി ഈ‌ സ്ഥലങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ലഡാക്ക് അതിര്‍ത്തിയിലായിരുന്നു ചൈനീസ് സേനയ്‌ക്കെതിരെ ആട്ടിടയന്മാരുടെ പ്രതിഷേധം.’ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നു പറഞ്ഞ് സൈനികരുമായി ഇവര്‍ തര്‍ക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

2020 ല്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതല്‍ ഈ പ്രദേശത്ത് ഇന്ത്യക്കാർക്ക് വിലക്കുണ്ട്. ഇതു വകവയ്ക്കാതെ ആടിനെ മേയ്ക്കാൻ എത്തിയവരായിരുന്നു ഇവര്‍.

 മാതൃഭൂമി സംരക്ഷിക്കാന്‍ ആട്ടിടയന്മാര്‍ക്ക് രംഗത്തിറങ്ങേണ്ടി വരുന്ന കാഴ്ച ബിജെപി സർക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും ഇത്  പറയാൻ ആഭ്യന്തരമന്ത്രിക്ക് ധൈര്യമുണ്ടോന്നും കോണ്‍ഗ്രസ് ചോദിച്ചു

Back to top button
error: